തിരുവനന്തപുരം: എസ്.എസ്.എ, ആർ.എം.എസ്.എ പദ്ധതികൾ സംയോജിപ്പിച്ചുള്ള കേന്ദ്രവിദ്യാഭ്യാസ പദ്ധതിയായ സമഗ്രശിക്ഷാ അഭിയാെൻറ കേരളത്തിനുള്ള ആദ്യ വിഹിതത്തിൽ കേന്ദ്രത്തിെൻറ കടുംവെട്ട്. 1941.10 കോടിയുടെ പദ്ധതി സമർപ്പിച്ച കേരളത്തിന് കേന്ദ്രം അനുവദിച്ചത് 413.43 കോടി രൂപ മാത്രം. ഇൗ തുകക്ക് അനുസൃതമായി പുതുക്കിയ പദ്ധതി സമർപ്പിക്കാൻ നിർദേശിച്ച് കേന്ദ്രമാനവശേഷി മന്ത്രാലയം സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം കത്ത് നൽകി.
കഴിഞ്ഞ വർഷം എസ്.എസ്.എ(സർവ ശിക്ഷ അഭിയാൻ) വഴി 564.73 കോടി രൂപയുടെയും ആർ.എം.എസ്.എ (രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാൻ) വഴി 245 കോടി രൂപയുടെയും പദ്ധതിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നത്. രണ്ട് പദ്ധതികൾ വഴി കേരളത്തിന് അനുവദിച്ചിരുന്നത് 809 കോടി രൂപയായിരുന്നു. രണ്ട് പദ്ധതികളും സംയോജിപ്പിച്ച് പുതിയ അധ്യയന വർഷം മുതൽ സമഗ്ര ശിക്ഷാ അഭിയാൻ വന്നപ്പോൾ കഴിഞ്ഞ വർഷം അനുവദിച്ചതിെൻറ പകുതി തുകയാണ് ഇത്തവണ കേരളത്തിന് ലഭിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 396 കോടി രൂപയാണ് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഫണ്ടിൽ കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. 18 സംസ്ഥാനങ്ങൾക്ക് വിഹിതം അനുവദിച്ചതിൽ തുകയിൽ കേരളത്തിന് പിറകിലുള്ളത് ഗോവ മാത്രമാണ്. സ്കൂൾ വിദ്യാഭ്യാസത്തിനായി കേന്ദ്രം നീക്കിവെച്ച 33,000 കോടി രൂപയിൽ കേരളത്തിനുള്ള വിഹിതം 1.25 ശതമാനം മാത്രമാണ്. ഇതാകെട്ട, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്. പ്രീ പ്രൈമറി തലം മുതൽ 12ാംതരം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തെ സംയോജിപ്പിച്ചുള്ള പദ്ധതിയാണ് സമഗ്ര ശിക്ഷാ അഭിയാൻ. ഇതിനായി വിവിധ ഇനങ്ങളിൽ കേരളം 1941.10 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഇതിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഇതാണ് കേന്ദ്രം നാലിലൊന്നായി വെട്ടിച്ചുരുക്കിയത്.
കേന്ദ്ര ഫണ്ട് വെട്ടിച്ചുരുക്കിയത് സംസ്ഥാനത്തെ സ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തക വിതരണം, റിസോഴ്സ് അധ്യാപക നിയമനം, വൈകല്യമുള്ള വിദ്യാർഥികൾക്ക് ഉപകരണ വിതരണം, സ്കൂളുകളുടെ അറ്റകുറ്റപ്പണി, അധ്യാപക പരിശീലനം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഇനങ്ങളിലാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. കേന്ദ്രവിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കത്ത് സഹിതം വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ വ്യാഴാഴ്ച ചേർന്ന സമഗ്രശിക്ഷാ അഭിയാൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാർ സ്കൂളുകളിലെ എസ്.സി/എസ്.ടി, ബി.പി.എൽ വിദ്യാർഥികൾക്ക് മാത്രം സൗജന്യ യൂനിഫോം അനുവദിക്കാനാണ് കേന്ദ്രഫണ്ട് അനുവദിച്ചത്. അവശേഷിക്കുന്ന വിദ്യാർഥികൾക്ക് കൂടി യൂനിഫോമിനാവശ്യമായ തുക സംസ്ഥാനം വഹിക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.