ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതുവഴി വിദ്യാഭ്യാസ ചെലവ് ഉയരുന്ന സാഹചര്യമില്ലെന്ന് ഇതിനിടെ ധനമന്ത്രാലയം വ്യക്തമാക്കി. ഹയർ സെക്കൻഡറിതലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസവും വിദ്യാലയങ്ങൾ നൽകുന്ന മിക്ക സേവനങ്ങളും നികുതിരഹിതമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം ചെലവേറിയതാകുമെന്ന പ്രചാരണങ്ങൾ സർക്കാർ തള്ളി. ഹയർ സെക്കൻഡറിതലം വരെ പ്രവേശനം, പരീക്ഷ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉച്ചഭക്ഷണ പരിപാടി, സുരക്ഷ, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്കൂൾ ബാഗിനും മറ്റും വില കുറക്കുകയാണ് ചെയ്തത്. ഒരു വിദ്യാഭ്യാസ സ്ഥാപനം വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർക്ക് നൽകുന്ന സേവനത്തിന് നികുതിയില്ല. ഇവരെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരിച്ചുവിടുന്നതിനുമുള്ള ഗതാഗത സൗകര്യവും നികുതിരഹിതമാണ്.
വിദ്യാലയങ്ങൾക്ക് സ്വകാര്യ മേഖലയിൽനിന്ന് കിട്ടുന്ന ഗതാഗത, കാൻറീൻ സേവനങ്ങൾ മുമ്പത്തെപ്പോലെതന്നെ ജി.എസ്.ടിക്കു കീഴിലും സേവനനികുതിക്ക് വിധേയമാണ്.
ആദായനികുതി നിയമത്തിെൻറ 12 എ.എ വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത് അനാഥരും വീടില്ലാത്തവരും വൈകല്യം നേരിടുന്നവരുമായ കുട്ടികൾക്കായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിെൻറ സേവനങ്ങൾക്ക് നികുതിയില്ല. തടവുകാരെയും ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന 65 കഴിഞ്ഞവരെയും ജി.എസ്.ടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിനിടെ, 28 ശതമാനം നികുതി സ്ലാബിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപന്ന പട്ടിക പുനഃപരിശോധിക്കണമെന്ന് ഡൽഹിയിൽ നടന്ന വ്യാപാരി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ചെറുപട്ടണങ്ങളിലുള്ളവരും ചെറുകിട വ്യാപാരികളും ജി.എസ്.ടി നടപ്പാക്കിയതിെൻറ പ്രയാസങ്ങൾ ഒരാഴ്ച കഴിഞ്ഞിട്ടും അനുഭവിക്കുകയാണെന്ന് കോൺഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ ട്രേഡേഴ്സ് പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.