പത്തനംതിട്ട: കോണ്‍ഗ്രസിന്റെ ഹാഥ് സെ ഹാഥ് പദയാത്ര നയിച്ചെത്തിയ എ.ഐ.സി.സി സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീമുട്ടയും കല്ലും എറിഞ്ഞു. പത്തനംതിട്ട േബ്ലാക്കിലെ പദയാത്ര ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് വലഞ്ചുഴിയില്‍ കൂടി കടന്നുപോകവെയാണ് സംഭവം.
നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി. ഷെരീഫിന്റെ നേതൃത്വത്തിലാണ് മുട്ട എറിഞ്ഞത്. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന് പെരുമാള്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥക്ക് നേരെയായിരുന്നു ആക്രമണം. എം. എം .നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞതായി പറയുന്നു. എം.സി. ഷരീഫ് മദ്യലഹരിയില്‍ ആയിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അക്രമം കാണിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് കെ.പി.സി.സി പ്രസിഡന്റിന് റിപ്പോർട്ട് നൽകുമെന്ന് കോൺഗ്രസ് ജില്ല നേതൃത്വം വ്യക്തമാക്കി.
ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെന്‍ഷനിലാണ്. ഒരു മാസം മുമ്പ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പി.ജെ. കുര്യന് അനുയായികളെ ഒരു പക്ഷം കൈയേറ്റം ചെയ്തിരുന്നു. മിക്ക പരിപാടികളും നേതാക്കളുടെ ബഹിഷ്കരണത്തിലോ തമ്മില്‍ അടിയിലോ ആണ് കലാശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.