കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബുധനാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
പ്രാർഥനാനിര്‍ഭരമായി പെരുന്നാള്‍ ആഘോഷിക്കുക -സാദിഖലി തങ്ങള്‍
കോഴിക്കോട്: നാഥനായി സർവവും ത്യജിച്ച് സ്ഫുടം ചെയ്‌തെടുത്ത മനസ്സും ശരീരവുമായി ആത്മനിര്‍വൃതിയുടെ പെരുന്നാള്‍ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊർജവുമാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പെരുന്നാള്‍ പ്രാര്‍ഥനാനിര്‍ഭരമായി ആചരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
കുടിവെള്ളത്തിന് പ്രയാസപ്പെടുന്നവരെയും ഫലസ്തീനില്‍ നരകയാതന അനുഭവിക്കുന്നവരെയും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പുണ്യദിനങ്ങളില്‍പോലും നരഹത്യക്കിരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ മനുഷ്യര്‍ക്കായി പ്രാർഥിക്കുകയും പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം. സയണിസത്തിന്റെ വംശഹത്യമുനമ്പായി ഗസ്സയില്‍ നിന്നുള്ള ദുതിക്കാഴ്ചകള്‍ക്ക് അറുതി ഉണ്ടായേ മതിയാവൂ. ആഘോഷ ദിനത്തിലും പ്രാർഥനാ പൂര്‍വം അവരോട് ഐക്യപ്പെടാനുള്ള ബാധ്യത നമുക്കുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
വിശുദ്ധിയുടെ വിളംബരവും വംശീയതക്കെതിരായ സമരാഹ്വാനവും -പി. മുജീബ് റഹ്‌മാൻ
കോഴിക്കോട്: ആഗോള തലത്തില്‍ വ്യാപകമാകുന്ന വംശീയതക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനമാണ് ചെറിയ പെരുന്നാള്‍ നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ ജീവിതവിശുദ്ധി കൈവരിച്ചതിന്റെ ആഹ്ലാദമാണ് ചെറിയ പെരുന്നാള്‍. വ്യക്തിയുടെ സംസ്കരണത്തിലൂടെയാണ് നല്ല ലോകത്തെ കെട്ടിപ്പടുക്കാനാവുക എന്ന സന്ദേശമാണ് അത് നൽകുന്നത്.
പെരുന്നാള്‍ ദിനത്തിലെ ദൈവത്തെ മഹത്വപ്പെടുത്തുന്ന തക്ബീര്‍ മനുഷ്യസമത്വത്തെയും സമാധാനത്തെയുമാണ് ഉദ്ഘോഷിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടികളെന്ന നിലക്ക് ദേശ, ഭാഷ, വര്‍ണ, വര്‍ഗ, ജാതി മതഭേദങ്ങള്‍ക്കതീതമായി ലോകത്തുള്ള മനുഷ്യരെല്ലാം തുല്യരാണെന്നും അവരെ വിധേയപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള പ്രഖ്യാപനമാണ് തക്ബീറുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
ഈദുല്‍ ഫിത്റിലെ നിര്‍ബന്ധദാനമായ സകാത്തുല്‍ ഫിത്ർ സുഭിക്ഷവും ദാരിദ്ര്യമുക്തവുമായ മനുഷ്യരാശിയെയാണ് പ്രത്യാശിക്കുന്നത്. എല്ലാവര്ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മുജീബ് റഹ്‌മാൻ ഗസ്സയിലെ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടിയും വിമോചനപ്പോരാളികള്‍ക്ക് വേണ്ടിയും ഐക്യദാര്‍ഢ്യപ്പെടാനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും നിര്‍ദേശിച്ചു.
വ്രതവെളിച്ചം ജീവിതത്തിലൂടെ പ്രസരിപ്പിക്കുക -കെ.എൻ.എം
കോഴിക്കോട്: വ്രത നാളുകൾ സമ്മാനിച്ച വിശ്വാസത്തിന്റെ തെളിച്ചം ജീവിതത്തിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനിയും ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ അറിയിച്ചു. ഫലസ്തീൻ ജനതക്കുവേണ്ടി ഈദ് ഗാഹുകളിൽ പ്രാർഥിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുക -വിസ്ഡം
കോഴിക്കോട്: റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫും ഈദ് സന്ദേശത്തില്‍ പറഞ്ഞു.
വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കർമങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ അനുകരിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.