കൊണ്ടോട്ടി: പെരുന്നാൾ തിരക്ക് പരിഗണിച്ച് എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവിസ് നടത്തുന്നു. റിയാദ്-കരിപ്പൂർ-തിരുവനന്തപുരം സെക്ടറിൽ ജൂൺ 22നാണ് പ്രത്യേക സർവിസ്. പെരുന്നാളിന് നാട്ടിലെത്തുന്നതിനുള്ള തിരക്ക് വർധിച്ചതോടെ ബുക്കിങ് കൂടിയതിനാലാണ് പ്രത്യേക സർവിസ് നടത്തുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
നിലവിൽ ആഴ്ചയിൽ നാല് ദിവസം മാത്രമാണ് ഇൗ റൂട്ടിൽ കരിപ്പൂരിൽനിന്ന് വിമാനമുള്ളത്. നിലവിലുള്ള സമയക്രമത്തിൽതന്നെയാണ് പ്രത്യേക സർവിസും നടക്കുക. രാവിലെ 11.45ന് റിയാദിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.45ന് കരിപ്പൂരിലെത്തും. ഇവിടെനിന്ന് രാത്രി 10നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. രാത്രി 9.20ന് ദോഹയിൽ നിന്നെത്തി 10.45ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ പതിവ് സർവിസ് അന്ന് ഉണ്ടാകില്ല. പകരം റിയാദിൽനിന്നെത്തുന്ന വിമാനമാണ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുക. 189 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബി 737-800 ആണ് റിയാദിലേക്കായി എക്സ്പ്രസ് ഉപയോഗിക്കുന്നത്.
വലിയ വിമാനങ്ങൾക്കുള്ള അനുമതി റദ്ദാക്കിയതോടെ ജിദ്ദ, റിയാദ് സെക്ടറിൽ നേരിട്ട് സർവിസുണ്ടായിരുന്നില്ല. ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് എയർഇന്ത്യ എക്സ്പ്രസ് റിയാദിലേക്ക് സർവിസ് ആരംഭിച്ചത്. പെരുന്നാൾ അടക്കമുള്ള സീസണിൽ കരിപ്പൂരിൽനിന്ന് നിരവധി യാത്രക്കാർ ഇൗ റൂട്ടിലുണ്ടാകുമെങ്കിലും കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുകയോ അല്ലെങ്കിൽ നെടുമ്പാശ്ശേരി വഴി വരേണ്ട സാഹചര്യമാണുള്ളത്. എയർഇന്ത്യ എക്സ്പ്രസ് നാല് ദിവസമുള്ള സർവിസ് ആഴ്ചയിൽ പ്രതിദിനമാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും റിയാദിൽ സ്ലോട്ട് ലഭിക്കാത്തതിനാൽ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.