തിരുവനന്തപുരം: വാദപ്രതിവാദവും പോരും മുറുകുമ്പോഴും ഗവർണർ ഒപ്പിടാനുള്ളത് രാജ്ഭവനിലെത്തി അഞ്ചുമുതൽ ഒരു വർഷവും 10 മാസവും പിന്നിട്ടതടക്കം എട്ട് ബില്ലുകൾ.
എട്ടിൽ അഞ്ചെണ്ണം സർവകാലാശാലകളുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകളാണ്. ലോകായുക്ത ഭേദഗതി ബില്ലും മിൽമ ദേഭഗതി ബില്ലും പൊതുജനാരോഗ്യ ബില്ലുമാണ് മറ്റുളളവ.
ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കാതെ വന്നതോടെ കേരള, സാങ്കേതിക, ഫിഷറീസ്, കാർഷിക, എം.ജി, കുസാറ്റ്, മലയാള സർവകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിൽ വൈസ് ചാൻസലർമാരില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ഉൾപ്പെടെ 11 ബില്ലുകൾ കൂടി ഗവർണറുടെ അംഗീകാരത്തിന് എത്താനുണ്ട്.
സർവകലാശാല ദേഭഗതി ബില്ലുകൾ:
1. സ്വയംഭരണ കോളജുകൾക്ക് മുകളിൽ സർവകലാശാലകൾക്കുള്ള നിയന്ത്രണം ശക്തിപ്പെടുത്തുംവിധം ഭേദഗതികൾ ഉൾക്കൊള്ളിച്ച ബിൽ.
2. യൂനിവേഴ്സിറ്റി ജീവനക്കാരുടെ പരാതികൾക്ക് പരിഹാരം കാണുന്ന യൂനിവേഴ്സിറ്റി അപ്പലറ്റ് ട്രൈബ്യൂണൽ നിയമനം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല ദേഭഗതി ബിൽ.
3. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിന്റെ ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല ദേഭഗതി ബിൽ. മൂന്നും 2021 നവംബർ 12ന് ഗവർണറുടെ അംഗീകാരത്തിനയച്ചെങ്കിലും ഒരു വർഷവും 10 മാസവും പിന്നിട്ടിട്ടും ഒപ്പ് വെച്ചിട്ടില്ല.
സഹകരണ സംഘം ദേദഗതി ബിൽ:
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ബിൽ. പ്രസിഡന്റ് ഇല്ലാത്ത ക്ഷീരസഹകരണ സംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർക്കും അദ്ദേഹം നാമനിർദേശം ചെയ്യുന്ന ഒരു അംഗത്തിനും വോട്ടവകാശം ലഭിക്കുമെന്ന് വ്യവസ്ഥ. 2022 ജൂലൈ 25ന് സമർപ്പിച്ചു.
സർവകലാശാല ദേഭഗതി ബിൽ:
വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുന്നതിനും ഭൂരിപക്ഷ അംഗങ്ങൾ നിർദേശിക്കുന്ന പേര് സെർച്ച് കമ്മിറ്റിയുടെ തീരുമാനമായി ഗവർണർക്ക് സമർപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. നേരത്തെ മൂന്നുപേർക്കും വെവ്വേറെ പേര് നൽകാമായിരുന്നു. ഭേദഗതിയോടെ ഇത് ഇല്ലാതാകും. 2022 സെപ്റ്റംബർ മൂന്നിന് സമർപ്പിച്ചു.
ലോകായുക്ത ഭേദഗതി ബിൽ:
ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന ബിൽ. മുഖ്യന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധികളിൽ നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി എന്നതാണ് പ്രധാന ഭേദഗതി. മന്ത്രിമാർക്കെതിരെയുള്ള ലോകായുക്ത വിധികളിൽ മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എം.എൽ.എൽമാരുടെ കാര്യത്തിൽ സ്പീക്കർക്കും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാറിനുമാണ് അധികാരം. ഇതോടൊപ്പം രാഷ്ട്രീയ പാർട്ടി നേതാക്കളെ ലോകായുക്ത പരിധിയിൽനിന്ന് ഒഴിവാക്കി. 2022 സെപ്റ്റംബർ ഏഴിന് സമർപ്പിച്ചു.
സർവകലാശാല നിയമ ഭേദഗതി ബിൽ: എല്ലാ സർവകാലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യുന്നതിനുള്ള ബിൽ. 2022 ഡിസംബർ 22ന് സമർപ്പിച്ചു.
ഏകീകൃത പൊതുജനാരോഗ്യ ബിൽ:
തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ ബാധകമായ 1955ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്, മലബാർ മേഖലയിൽ ബാധകമായ 1939ലെ മദ്രാസ് പബ്ലിക് ആക്ട് എന്നിങ്ങനെ രണ്ട് നിയമങ്ങൾക്ക് ബദലായി കൊണ്ടുവന്നു. ചികിത്സ പ്രോട്ടോക്കോളും സുപ്രധാന പ്രതിരോധ നടപടികളുമടക്കം നിശ്ചയിക്കാനുള്ള അധികാരം അലോപ്പതി വിഭാഗത്തിൽ വിഭാഗത്തിന് നൽകുംവിധത്തിലാണ് വ്യവസ്ഥകൾ. 2023 ഏപ്രിൽ ആറിന് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.