തിരുവനന്തപുരം: ഇടുക്കി ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ രണ്ടുലക്ഷം ഏക്കറിലധികം വരുന്ന ഏലമലക്കാടുകൾക്ക് റവന്യൂ ഭൂമിയുടെ പദവി നൽകാൻ നൽകാൻ നീക്കം. ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൽ ചർച്ച ചെയ്യുന്നതിന് മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഇൗ തീരുമാനം. ഇതിലൂടെ പട്ടയം നൽകുകയാണ് സർക്കാർ ലക്ഷ്യം.‘വനമേഖലക്ക് പുറത്തുള്ള ഭൂമി റവന്യൂ ഭൂമിയാണ്. അതായത്, കാർഡമം ഹിൽസ് റസർവ് ( സി.എച്ച് ആർ) റവന്യൂ ഭൂമിയാണ്. 1995ൽ ചീഫ്സെക്രട്ടറി മുഖേന ഹൈകോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുള്ള സാഹചര്യത്തിൽ സി.എച്ച്.ആർ റവന്യൂ ഭൂമിയായി പരിഗണിക്കുന്ന കാര്യം പരിശോധിക്കണ’മെന്നാണ് യോഗ തീരുമാനം. ഇക്കാര്യത്തിൽ തുടർനടപടിക്ക് റവന്യൂ, വനംവകുപ്പുകൾക്ക് നിർദേശവും നൽകി.
എന്നാൽ, ഏറെ മുമ്പു മുതൽ തന്നെ, സി.എച്ച്.ആർ മുഴുവൻ വനഭൂമിയാണെന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ സർക്കാർ നൽകിയിട്ടുണ്ട്.
മതികെട്ടാൻചോല കൈയേറ്റകാലത്ത് കെ.എം.മാണി ഉന്നയിച്ച വാദമാണ് ഇപ്പോൾ സർക്കാറും ഉന്നയിക്കുന്നത്. അന്ന് അത് റവന്യൂ ഭൂമിയാണെന്ന് മാണിയുടെ വാദം സർക്കാർ മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നു മാത്രമല്ല, മതികെട്ടാൻ തിരിച്ചുപിടിച്ച് ദേശീയ ഉദ്യാനമാക്കുകയും ചെയ്തു. തിരുവിതാംകൂർ രാജാവ് 1897 ആഗസ്റ്റ് 11നാണ് ‘കാർഡമം ഹിൽസ് റിസർവ്’ വിളംബരം നടത്തിയത്. 1906 സർവേയനുസരിച്ച് ഏതാണ്ട് 2.64 ലക്ഷം ഏക്കർ ഭൂപ്രദേശമാണ് ഈ സംരക്ഷിത മേഖല.
1993 ലെ ഭൂപതിവ് ചട്ടമനുസരിച്ച് സി.എച്ച്.ആർ വനഭൂമിയിൽനിന്നാണ് കേന്ദ്ര സർക്കാർ 50,000 ഏക്കറിന് പട്ടയം നൽകാൻ അനുമതി നൽകിയത്. 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയവർക്കാണ് ഇതു പതിച്ചു നൽകേണ്ടത്. എന്നാൽ, അതിനുശേഷം കുടിയേറിയവർക്ക് ഭൂമി പതിച്ചുനൽകാൻ അനുമതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭൂമിയുടെ വനപദവി എടുത്തുമാറ്റാൻ ആലോചിക്കുന്നത്. അതേസമയം, സംസ്ഥാന സർക്കാർ വനഭൂമിയാണെന്നു കോടതികളിൽ സത്യവാങ്മൂലം നൽകിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയാക്കി മാറ്റാനുമാവില്ല.
കഴിഞ്ഞസർക്കാറിെൻറ കാലത്ത് 2005 വരെയുള്ള കൈയേറ്റങ്ങൾക്കും പട്ടയം നൽകാൻ ഉത്തരവിക്കിയതിന് സമാനമാണ് പുതിയ നീക്കം. അതുപോലെ ഇൗ നിലപാട് മരം മുറികേസിൽ ഗ്രീൻ ൈട്രബ്യൂണൽ ഉത്തരവിനും വിരുദ്ധമാണ്. ഏലമലക്കാടുകൾ ‘ഫോറസ്റ്റ് റിസർവ്’ ആണെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് ഇവിടുത്തെ മരം മുറി തടയാൻ ഗ്രീൻ ൈട്രബ്യൂണൽ ഉത്തരവിട്ടത്. എ.ഡി.ജി.പി രാജൻ മധേക്കർ മുതൽ നിവേദിത പി. ഹരൻ വരെയുള്ളവർ നൽകിയ റിപ്പോർട്ടിൽ രാഷ്ട്രീയക്കാർ, മതസംഘടനകൾ, വ്യവസായികൾ എന്നിവർ നടത്തിയ കൈയേറ്റത്തിെൻറ ചിത്രം വ്യക്തമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.