മലപ്പുറം: ഏലംകുളത്ത് കൊല്ലപ്പെട്ട ദൃശ്യയെ പ്രതി വിനീഷ് നേരത്തെയും ശല്യം ചെയ്തിരുന്നെന്ന് കുടുംബം. ശല്യം സഹിക്കാതെ ദൃശ്യ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ദൃശ്യയുടെ ചെറിയച്ഛൻ പറഞ്ഞു. ഇനി ശല്യമുണ്ടാവില്ലെന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു. ശല്യം രൂക്ഷമായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. അന്ന് പ്രതിയുടെ മാതാപിതാക്കൾ ഉൾപ്പെടെ വന്ന് പ്രശ്നം സംസാരിച്ചു തീർത്തതായിരുന്നുവെന്നും ദൃശ്യയുടെ ചെറിയച്ഛൻ പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഏലംകുളം പഞ്ചായത്ത് എളാട് കൂഴംന്തറ ചെമ്മാട്ടിൽ വീട്ടിൽ ദൃശ്യ കൊല്ലപ്പെട്ടത്. വീടിന്‍റെ മുകൾനിലയിലെ റൂമിൽ കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതിന്‍റെ പ്രതികാരമായാണ് കൊലയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ അക്രമത്തിൽ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതി ആസൂത്രിതമായി കൊല നടത്തിയെന്നാണ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തൽമണ്ണയിലെ സി.കെ സ്റ്റോഴ്സ് എന്ന കട കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു. കട കത്തിനശിച്ചതിലും അക്രമിക്ക് പങ്കുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.