കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയാണെന്ന നിഗമനത്തിലാണ് പൊലീസ്. 30 വയസ് പ്രായമുള്ള ഇയാൾ കോഴിക്കോട് കെട്ടിട നിർമ്മാണ തൊഴിലാളിയാണെന്നും സൂചനയുണ്ട്.
ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു.
പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അന്വേഷിച്ചറിയാനുള്ളത്. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നാണ് പൊലീസിന് ലഭിച്ചത്.
പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോയി.
പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്സ്മാരുടെയും മൊഴിയെടുത്തിരുന്നു. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ പൊലീസും സംയുക്താമായിട്ടാണ് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്.
ആലപ്പുഴ എക്സ്പ്രസ് കണ്ണൂരിൽ എത്തിയതിനു ശേഷമാണ് പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. അതേസമയം നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളല്ല പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സി.സി.ടിവി ദൃശ്യങ്ങളിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയേയാണെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ റെയിൽവേ പൊലീസ് ഇയാളായിരിക്കാം പ്രതിയെന്ന് സംശയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.