ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?

കോഴിക്കോട്: ഒരു കണ്ണ് തുറക്കാനാകുന്നില്ല, മുഖത്തിന്റെ ഒരുവശം മുഴുവൻ പരിക്ക്, കാലിൽ പൊള്ളൽ... ഈ അവസ്ഥയിലും ആരുടെയും ശ്രദ്ധയിൽപെടാതെ എലത്തൂർ ട്രെയിൻ തീവെപ്പുകേസ് പ്രതി ഷാറൂഖ് സെയ്ഫി 806 കിലോമീറ്റർ താണ്ടി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിയത് എങ്ങനെയെന്നത് ദുരൂഹതയാകുന്നു. പ്രതിക്കായി നാട് മുഴുവൻ ജാഗ്രതയോടെ വലവിരിച്ചുനിന്ന സമയത്താണ് ഈ രൂപത്തിൽ ഇയാൾ ഇത്രയും ദൂരം പിന്നിട്ടത്.

മലയാളം സംസാരിക്കാനറിയാത്ത, കേരളവുമായി കൂടുതൽ പരിചയമില്ലാത്ത ഇയാൾ എലത്തൂരിൽനിന്ന് എങ്ങനെ ആരുടെയും കണ്ണിൽപെടാതെ  കടന്നുകളഞ്ഞു എന്നത് ഉൾപ്പെടെ സംശയാസ്പദമാണ്.

ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എ​ല​ത്തൂ​രി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് പെട്രോൾ ഒഴിച്ച് തീ​കൊ​ളു​ത്തിയത്. പിഞ്ചുകുഞ്ഞടക്കം മൂ​ന്നു​പേ​ർ ട്രാക്കിൽ വീണ് ദാ​രു​ണമായി മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതി​യെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് നോ​യ്ഡ സ്വ​ദേ​ശി​യാ​യ ഷാ​റൂ​ഖ് സെ​യ്ഫിയെ ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയി​ലെ രത്നഗിരി റെയിൽവെസ്റ്റേഷൻ പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ആര്‍.പി.എഫും ചേര്‍ന്നാണ് പിടികൂടിയത്. കേരള എ.ടി.എസിന് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്.

അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം ത​ന്നെ പ്രതി പിടിയിലായെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. റെയില്‍വേ സ്റ്റേഷന് സമീപത്തെ രത്നഗിരി സിവിൽ ആശുപത്രിയിൽ ചികില്‍സ തേടിയ ശേഷം തിരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

അ​ക്ര​മം ന​ട​ന്ന എ​ല​ത്തൂ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ​നി​ന്നാ​ണ് ‘ഷാറൂ​ഖ് സെ​യ്ഫി കാ​ർ​പെ​ന്റ​ർ’ എ​ന്ന പേ​ര് പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ ഇ​യാ​ൾ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​യിരുന്നു പൊ​ലീ​സി​ന് ല​ഭി​ച്ച ആ​ദ്യ സൂ​ച​ന​. താ​മ​സി​യാ​തെ ഇ​യാ​ൾ ക​സ്റ്റ​ഡി​യി​ലാ​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നു.

എലത്തൂർ തീവെപ്പിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണുമരിച്ച റഹ്മത്ത്, സഹ്റ, നൗഫീക്

ഷാ​റൂ​ഖ് സെ​യ്ഫി എ​ന്ന പേ​ര് പു​റ​ത്തു​വ​ന്ന​യു​ട​ൻ ത​ന്നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​ന്റെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് സ​മാ​ന പേ​രു​ള്ള ഏ​താ​നും പേ​രെ നോ​യ്ഡ​യി​ൽ പി​ടി​കൂ​ടി​യിരുന്നു. ചി​ല​രെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന പൊ​ലീ​സാ​വ​ട്ടെ ഇ​തേ പേ​രു​കാ​ര​നെ തേ​ടി നോ​യ്ഡ​യി​ലേ​ക്ക് കു​തി​ക്കു​ക​യും ചെ​യ്തു. എ​ൻ.​ഐ.​എ ഉ​ൾ​പ്പ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ്രാ​ഥ​മി​ക ​അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രുന്നു.

രത്‌നഗിരിയിലെത്തിയ പ്രതി ഫോണ്‍ ഓണാക്കിയതാണ് അന്വേഷണ സംഘത്തിന് സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ഫോണിലേക്ക് സന്ദേശം വന്നതായി കണ്ടതോടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലില്‍ പ്രതി കുടുങ്ങി. ഗുജറാത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    
News Summary - Elathur Train fire: How ShahRukh saifi crossed 806 km with burnt face and leg?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.