റഹ്മത്ത് യാത്ര തിരിച്ചത് സഹ് ലക്കൊപ്പം, സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം

കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്ലയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്ലയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു. തീകൊളുത്തിയതിനെ തുടർന്ന് ഭയപ്പെട്ടാണ് മൂവരും ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് ഷുഹൈബിന്‍റെ പിതാവിന്‍റെ സഹോദരൻ നാസർ മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിൻ എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്മെന്റിൽ കയറിയ ആക്രമി യാത്രക്കാർക്കു നേരെ സ്പ്രേ ചെയ്തശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാർട്മെന്റിലുള്ളവർ പറഞ്ഞത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയ മൂന്നു പേരുടെ മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് (45), മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്.

Tags:    
News Summary - Elathur train fire: Rahmat returned with Sahla, after breaking fast at her sister's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.