കിളിമാനൂർ: മരുമകൻ ഓടിച്ചുവന്ന കാറിടിച്ച് വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺ സലാം മൻസിലിൽ അബ്ദുൽ സലാമിനെയാണ് (52) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിലാണ് സംഭവം. മടത്തറ തുമ്പമൺ എ.എൻ.എസ് മൻസിലിൽ യഹിയയാണ് (75) മരിച്ചത്. അപകടത്തിൽ അബ്ദുൽ സലാമിെൻറ മകൻ മുഹമ്മദ് അഫ്സൽ (14) ഗുരുതരമായി പരിക്കേറ്റ് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: അബ്ദുൽ സലാമും ഭാര്യയും തമ്മിൽ കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നടക്കുകയാണ്. വിധി അനുകൂലമാക്കാനായി അബ്ദുൽ സലാം തെൻറ പേരിലുള്ള വസ്തുക്കൾ സഹോദരങ്ങളുടെയും കൂട്ടുകാരെൻറയും പേരിലേക്ക് മാറ്റി. ഇതിനെതിരെ ഭാര്യ ചൊവ്വാഴ്ച കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് സ്റ്റേ വാങ്ങി.
ഈ ഉത്തരവ് നടപ്പാക്കാനായി അബ്ദുൽ സലാമിെൻറ തട്ടത്തുമലയിലുള്ള സഹോദരി സഫിയയുടെ വീട്ടിലേക്ക് യഹിയയും അഫ്സലും കോടതി സ്റ്റാഫുമായെത്തി. യഹിയയും അഫ്സലും വീടിനുസമീപം പാറക്കടയിൽ റോഡിലിറങ്ങിനിന്നു. വിവരമറിഞ്ഞ് വാഹനത്തിൽ പാഞ്ഞെത്തിയ അബ്ദുൽ സലാം ഇരുവർക്കും നേരെ അമിതവേഗത്തിൽ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ യഹിയ മരിച്ചു.
ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. ഗോപകുമാറിെൻറ മേൽനോട്ടത്തിൽ കിളിമാനൂർ സ്റ്റേഷൻ ഓഫിസർ എസ്. സനൂജ്, എസ്.ഐമാരായ ടി.ജെ. ജയേഷ്, അബ്ദുൽ ഖാദർ, ഗ്രേഡ് എസ്.ഐമാരായ ഷാജി, റാഫി, സുരേഷ്, എ.എസ്.ഐ ഷജിം, സി.പി.ഒ സജിത്ത്, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.