തൊടുപുഴ: തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം പ്രാധാന്യമുണ്ട് ഭൂരിപക്ഷത്തിനും. വിജയത്തിന് തിളക്കം നൽകുന്നത് ഭൂരിപക്ഷത്തിെൻറ വലുപ്പമാണ്. ഉയർന്ന ഭൂരിപക്ഷംകൊണ്ട് വിജയം ചരിത്രമാക്കിയവരെയും കുറഞ്ഞ ഭൂരിപക്ഷംകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ചവരെയും കേരള രാഷ്ട്രീയത്തിൽ കാണാം. ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള തർക്കം കോടതികയറിയ സംഭവങ്ങളും ഏറെ.
ഭൂരിപക്ഷം ഉയർന്നാൽ അത് സ്ഥാനാർഥിയുടെ ജനപിന്തുണയായി അണികൾ വാഴ്ത്തും. നേരിയ ഭൂരിപക്ഷത്തിന് ജയിച്ചാൽ കള്ളവോെട്ടന്ന് എതിരാളികൾ പരിഹസിക്കും.
നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിെൻറ റെക്കോഡ് മുൻ സി.പി.എം എം.എൽ.എ എം. ചന്ദ്രെൻറ പേരിലാണ്. 2006ൽ ആലത്തൂർ മണ്ഡലത്തിൽ ഡി.െഎ.സിയിലെ എ. രാഘവനെതിരെ ചന്ദ്രൻ നേടിയത് 47,671വോട്ടിെൻറ ഭൂരിപക്ഷം. ഇടതുതരംഗത്തിൽ എൽ.ഡി.എഫ് 98 സീറ്റ് നേടിയ തെരഞ്ഞെുപ്പ്കൂടിയായിരുന്നു അത്.
ഉയർന്ന ഭൂരിപക്ഷത്തിൽ രണ്ടാംസ്ഥാനം പി. ജയരാജനാണ്. 2005ൽ കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായ ജയരാജൻ കോൺഗ്രസിലെ കെ. പ്രഭാകരനെ തോൽപിച്ചത് 45,865 വോട്ടിന്. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനാണ് ഭൂരിപക്ഷത്തിൽ മൂന്നാംസ്ഥാനം. 2016ൽ എതിരാളിയായ എൽ.ഡി.എഫ് സ്വതന്ത്രൻ റോയി വാരിക്കാട്ടിനേക്കാൾ 45,587 വോട്ട് ജോസഫിന് തൊടുപുഴക്കാർ അധികം സമ്മാനിച്ചു.മട്ടന്നൂരിൽ മത്സരിച്ച ഇ.പി. ജയരാജൻ 43,381 വോട്ടിെൻറ ഭൂരിപക്ഷവുമായി തൊട്ടുപിന്നാലെ.
കഴിഞ്ഞതവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വടക്കാഞ്ചേരിയിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അനിൽ അക്കരക്കായിരുന്നു; 43 വോട്ട്. 2001ൽ ഇരവിപുരത്ത് മുസ്ലിംലീഗിലെ ടി.എ. അഹമ്മദ് കബീറിനെതിരെ ആർ.എസ്.പിയുടെ എ.എ. അസീസ് നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അസീസിെൻറ 21 വോട്ടിെൻറ ഭൂരിപക്ഷം ചോദ്യംചെയ്ത് അഹമ്മദ് കബീർ കോടതിയെ സമീപിച്ചു.
വോട്ടിങ് യന്ത്രം ഡീകോഡ് ചെയ്ത് പരിശോധിച്ച കോടതി അസീസിെൻറ ഭൂരിപക്ഷം എട്ടു വോട്ടായി പ്രഖ്യാപിച്ചു. അസീസിന് കോടതി ചെലവായി 10,000 രൂപയും കിട്ടി. എതിർവിഭാഗം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതേ തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണപുരത്ത് സി.പി.എമ്മിെൻറ ഗിരിജ സുരേന്ദ്രെൻറ ഭൂരിപക്ഷം 21 വോട്ടായിരുന്നു.
1960ൽ തലശ്ശേരിയിൽ മത്സരിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കോൺഗ്രസിലെ പി.കുഞ്ഞുരാമനോട് തോറ്റത് 23 വോട്ടിന്. ഫലം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ1961ൽ തെരഞ്ഞെടുപ്പ് ട്രൈബ്യൂണൽ കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചു.
2016ൽ മഞ്ചേശ്വരത്ത് വിജയിച്ച മുസ്ലിംലീഗിലെ പി.ബി. അബ്ദുറസാഖിെൻറ ഭൂരിപക്ഷം 89 വോട്ടായിരുന്നു. കള്ളവോട്ട് ആരോപിച്ച് എതിർസ്ഥാനാർഥി കെ. സുരേന്ദ്രൻ ഹൈകോടതിയെ സമീപിച്ചെങ്കിലും അബ്ദുൽറസാഖിെൻറ മരണത്തോടെ അദ്ദേഹം കേസ് ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.