കോട്ടയം: തെരഞ്ഞെടുപ്പിന് ഏഴുദിവസം മാത്രം ശേഷിക്കെ പഴുതടച്ചുള്ള പ്രചാരണത്തിന് സ്ഥാനാർഥികളും മുന്നണികളും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള നീക്കത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണത്തിന് വേഗത പോരെന്നും മുന്നണി ഘടകകക്ഷികളിൽ ചിലർ പ്രചാരണ രംഗത്ത് സജീവമല്ലെന്നുമുള്ള ആേക്ഷപം പലയിടത്തുമുണ്ട്. അവസാനഘട്ടത്തിൽ ഇത്തരം പരാതികൾ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി നേതാക്കൾ. ചില മണ്ഡലങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന നിർദേശം എല്ലാ മുന്നണികൾക്കുമുണ്ട്.
ഇത്തരത്തിൽ 35-40 മണ്ഡലങ്ങൾ വരെ ഇടതു-വലത് മുന്നണി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മധ്യകേരളത്തിൽ യു.ഡി.എഫ് 14 മണ്ഡലങ്ങളും ഇടതുമുന്നണി 16 മണ്ഡലങ്ങളും കൂടുതൽ ശ്രദ്ധവേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് ഇരുമുന്നണികളും ചൂണ്ടിക്കാട്ടുന്ന മണ്ഡലങ്ങളിൽ കടുത്തുരുത്തിയും കോട്ടയവും പൂഞ്ഞാറും ഏറ്റുമാനൂരുമുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും രണ്ടുവീതം മണ്ഡലങ്ങൾ ഇതിലുൾപ്പെടും.
കേരള കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലാണ് ഇരുപാർട്ടികളും ശ്രദ്ധയൂന്നുക -കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും. കേരള കോൺഗ്രസിെൻറ സാന്നിധ്യം കൂടുതൽ വേണ്ട ആറ് മണ്ഡലങ്ങളുടെ പട്ടിക ഇടതുമുന്നണി തയാറാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചാവും അടുത്തഘട്ടത്തിന് തുടക്കമിടുക.
പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുംതോറും സ്ഥാനാർഥികളുടെയും മുന്നണി നേതാക്കളുടെയും ചങ്കിടിപ്പും വർധിക്കുകയാണ്. ഇനി ഉയർന്നേക്കാവുന്ന ആരോപണങ്ങളും പുതിയ വിവാദങ്ങളുമാണ് ഇതിന് അടിസ്ഥാനം. വരുംദിവസങ്ങളിൽ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നേക്കുമെന്നാണ് സൂചന.
അവസാന മണിക്കൂറിൽ ഉയരുന്ന ആരോപണങ്ങൾ ജനങ്ങൾ ചർച്ചയാക്കുമെന്നതിനാൽ മറുപടി വളരെ ആേലാചിച്ചായിരിക്കണമെന്ന നിർദേശവും മുന്നണി നേതൃത്വം നൽകുന്നു. ഏറ്റവും ഒടുവിൽ ജോസ് കെ. മാണി ഉയർത്തിയ ലൗ ജിഹാദ് വിവാദം ഇടതുമുന്നണിയെ വെട്ടിലാക്കി. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ജോസിനെ തള്ളിയെങ്കിലും അതിെൻറ അലയൊലിയിൽ മുന്നണി ആശങ്കയിലാണ്.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങൾ വരുന്നതിനാൽ കൂടുതൽ സമയം ഇനി ഭവനസന്ദർശനത്തിന് മാറ്റിവെക്കാനാണ് മുന്നണികളുടെ തീരുമാനം. ദുഃഖവെള്ളി ദിവസം പ്രചാരണം പൂർണമായും ഒഴിവാക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. വിശുദ്ധവാരാചരണം കണക്കിലെടുത്ത് പൊതുപ്രചാരണ പരിപാടികൾ 31 വരെ ഇടതുമുന്നണിയും നിർത്തിവെക്കും. ഈ ദിവസങ്ങളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് സ്ക്വാഡുകൾക്കും ഇടതുമുന്നണി രൂപംനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.