ന്യൂഡൽഹി: വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നതടക്കം സുപ്രധാനമായ നാലു പരിഷ്കരണങ്ങൾ ഉൾക്കൊള്ളുന്ന തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ചർച്ച കൂടാതെ ലോക്സഭയിൽ പാസാക്കി സർക്കാർ. വിശദ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ബിൽ തിരക്കിട്ട് പാസാക്കിയത്.
പരിഷ്കരണങ്ങൾ ഇവ
●ഇരട്ടിപ്പും കള്ള വോട്ടും തടയാനെന്ന പേരിൽ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കും. ഇതിന് നിയമസാധുത നൽകാൻ 1950ലെ ജനപ്രാതിനിധ്യ നിയമത്തിെൻറ 23ാം വകുപ്പ് തിരുത്തി. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ ഒരിക്കൽ എന്നത് മാറ്റി നാല് അവസരങ്ങൾ (ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന്) ലഭ്യമാക്കും. ജനപ്രാതിനിധ്യ നിയമത്തിെൻറ 14(ഡി) വകുപ്പിലാണ് മാറ്റം വരുത്തിയത്.
●വോട്ടെടുപ്പ്, വോട്ടെണ്ണൽ, വോട്ടുയന്ത്രം സൂക്ഷിക്കൽ ആവശ്യങ്ങൾക്ക് ഏതു കെട്ടിടവും താൽക്കാലികമായി ഏറ്റെടുക്കാൻ അധികാരം നൽകും. സൈനിക സേവനത്തിലുള്ളവർക്കും ഭാര്യക്കും വോട്ടു ചെയ്യാൻ അവസരമൊരുക്കുന്ന വ്യവസ്ഥയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതാണ് നാലാമത്തെ ഭേദഗതി. സർവിസ് ഓഫിസർമാരുടെ ഭർത്താവ്/ ഭാര്യ എന്ന അർഥത്തിൽ 'ഭാര്യ' എന്നത് 'ജീവിത പങ്കാളി' എന്നാക്കി മാറ്റും. ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് മാറ്റങ്ങൾ പ്രാബല്യത്തിലാവുക. തുടർന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതിക്കകം വോട്ടർ പട്ടികയിലുള്ളവർ വോട്ടർ രജിസ്ട്രേഷൻ ഓഫിസർക്ക് ആധാർ വിവരങ്ങൾ നൽകണം. ആധാറില്ലെന്ന കാരണത്താൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാതിരിക്കാനോ ഒഴിവാക്കാനോ പാടില്ല. എന്നാൽ തക്കതായ കാരണം ബോധിപ്പിക്കണം. അങ്ങനെയാണെങ്കിൽ മറ്റു രേഖകൾ കാണിച്ചാൽ മതിയാവും. നിയമമന്ത്രി കിരൺ റിജിജുവാണ് തെരഞ്ഞെടുപ്പു നിയമ ഭേദഗതി ബിൽ-2021 ലോക്സഭയിൽ അവതരിപ്പിച്ചത്.
ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തള സമരം നടത്തുന്നതിനിടയിലാണ് ബിൽ പാസാക്കിയത്.
ബിൽ തിരക്കിട്ടു പാസാക്കുന്നതിനെ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ശിവസേന, ബി.എസ്.പി തുടങ്ങി വിവിധ പാർട്ടികൾ എതിർത്തു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി തുടങ്ങിയവ ആവശ്യപ്പെട്ടിരുന്നു. സഭാസമിതികൾ മുൻകാലങ്ങളിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്.
എതിർപ്പിെൻറ കാരണങ്ങൾ
1. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി വിധി പ്രകാരം, സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കാൻ പാടില്ല. തെരഞ്ഞെടുപ്പു പരിഷ്കാരത്തിെൻറ ഭാഗമായി ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങിയിരുന്നു.എന്നാൽ, 2015ലെ സുപ്രീംകോടതിയുടെ ആധാർ വിധിയാണ് തടസ്സമായത്. ആധാർ വിവരങ്ങൾ ശേഖരിക്കാൻ നിയമപരമായ അനുമതി വേണമെന്ന് കോടതി വ്യക്തമാക്കിട്ടുണ്ട്.
2. പൗരരല്ലാത്തവർക്കും വോട്ടർപട്ടികയിൽ ഇടം കിട്ടാൻ ബിൽ കാരണമാകും. ആധാർ താമസരേഖയാണ്, പൗരത്വ രേഖയല്ല. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും നിലനിർത്താനും ആധാർ ചോദിച്ചാൽ, വോട്ടറുടെ താമസ സ്ഥലത്തിെൻറ വിശദാംശങ്ങളാണ് കിട്ടുക. പൗരരല്ലാത്തവർക്കും വോട്ടവകാശം കിട്ടുന്ന സ്ഥിതിയാണ് ഇതോടെ ഉണ്ടാവുക.
3. ബിൽ കൊണ്ടുവന്ന ദിവസംതന്നെ ചർച്ച കൂടാതെ പാസാക്കി. ബിൽ സഭ സമിതിക്ക് വിട്ട് പുനഃപരിശോധന നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.