കോട്ടയം: ‘റെൻറ് എ ബൈക്കി’ന് അനുമതി നൽകിയതിനുപിന്നാലെ തിരുത്തുമായി മോട്ടോർ വാഹനവകുപ്പ്. ഇനി ഇലക്ട്രിക് ബൈക്കുകൾ മാത്രമാകും വാടകക്ക് നൽകാൻ അനുമതി. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹനവകുപ്പിെൻറ തീരുമാനം.
അടുത്തിടെയാണ് റെൻറ് എ ബൈക്കിന് മോട്ടോർ വാഹനവകുപ്പ് അനുമതി നൽകിത്തുടങ്ങിയത്. ഇതനുസരിച്ച് അപേക്ഷിച്ച പതിനഞ്ചോളം പേർക്ക് വകുപ്പ് അനുമതി നൽകി. ഇതിനുപിന്നാലെയാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള അപേക്ഷകൾക്ക് അനുമതി നൽകാമെന്നും പുതിയ അപേക്ഷകൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണെങ്കിൽ മാത്രം സ്വീകരിച്ചാൽ മതിയെന്നും ആർ.ടി.മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബൈക്കുകൾ വാടകക്ക് നൽകുന്നത് സ്വയം തൊഴിലായി അംഗീകരിച്ചാണ് ലൈസൻസ് നൽകുന്നത്. ജി.പി.എസ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങൾക്കാണ് അനുമതി. 24 മണിക്കൂറിന് 350 മുതൽ 700 രൂപ വരെ വാടക ഈടാക്കാൻ കഴിയും. ഒരു ചെറു ഓഫിസ്, ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം, കുറഞ്ഞത് ജി.പി.എസ് ഉള്ള അഞ്ച് ബൈക്കുകൾ എന്നിവയുള്ളവർക്കാണ് നിലവിൽ അനുമതി. വിനോദസഞ്ചാരമേഖലകളിൽ പുതിയ പദ്ധതി ആകർഷകമാകുമെന്നായിരുന്നു വകുപ്പിെൻറ കണക്കുകൂട്ടൽ. ഇതിനിടെയാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഇത്തരമൊരു നിബന്ധന കൊണ്ടുവരാൻ സർക്കാർതലത്തിൽനിന്ന് നിർദേശമുണ്ടായത്.
അടുത്തുതന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ അടക്കമുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് വ്യാപകമായി ഒരുക്കുമെന്നും ഗതാഗതവകുപ്പ് പറയുന്നു. ഇതോടെ കൂടുതൽ സംരംഭകർ ഈ മേഖലയിലേക്ക് എത്തുമെന്നും ഇവർ കണക്കുകൂട്ടുന്നു. ചാർജിങ് െസൻററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് ചുമതല നൽകിയിട്ടുണ്ട്. നിലവിൽ ചിലർ ബൈക്കുകൾ വാടകക്ക് നൽകുന്നുണ്ടെങ്കിലും ഇതെല്ലാം അനധികൃതമാണെന്ന് ഗതാഗതവകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.