തിരുവനന്തപുരം: അരുവികളിലും കനാലുകളിലും വെള്ളത്തിൽ കൃത്രിമചുഴിയുണ്ടാക്കി ടർബൈനുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ പഠന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. 2018ൽ ഇതിന്റെ പരീക്ഷണ പ്രവർത്തനം ഊർജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) ആരംഭിച്ചിരുന്നു.
തലസ്ഥാന ജില്ലയിലെ കാഞ്ഞിരംപാറ കാടുവെട്ടിയിലാണ് പദ്ധതിക്കായി ‘വോർടെക്സ് ടെക്നോളജി’ പ്രകാരം പരീക്ഷണാർഥം വൈദ്യുതി ഉൽപാദനം ആരംഭിച്ചത്. ഇത് പരിസ്ഥിതിയെ ബാധിക്കില്ലെന്നതാണ് പ്രത്യേകത. പദ്ധതി രാജ്യത്തുതന്നെ ആദ്യമായിരുന്നു. കിള്ളിയാറിൽ ജലനിരപ്പുയർന്നതോടെ പദ്ധതി ഇവിടെ തുടരാൻ കഴിയാത്ത സ്ഥിതിയുണ്ടായി. തുടർന്ന് യന്ത്രസംവിധാനം പാലക്കാട്ടേക്ക് കൊണ്ടുപോയെങ്കിലും ഉദ്ദേശിച്ചപോലെ പദ്ധതിയുമായി മുന്നോട്ടുപോകാനായില്ല. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളടക്കം വ്യാപകമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചുഴിയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികളിൽ ഉൾപ്പെടെ വിശദ പഠനം നടത്താനും അപാകത പരിഹരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ആലോചന സജീവമായത്. പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലത്തിനായി ഇ.എം.സി താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.