തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊുറുതിമുട്ടുന്ന ജനത്തിന് ആഘാതമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂനിറ്റിന് 16 പൈസയാണ് കൂട്ടിയത്. വർധന വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലായി. അടുത്ത വർഷം ഏപ്രിലിൽ യൂനിറ്റിന് 12 പൈസയുടെ വർധനവും റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചു. ഫിക്സഡ് നിരക്കും കൂട്ടി. 2019ന് ശേഷം അഞ്ചാംതവണയാണ് നിരക്ക് വർധിപ്പിച്ചത്.
സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് 37 പൈസയുടെയും അടുത്ത വർഷം 27 പൈസയുടെയും വർധനവായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. 2026-27 വർഷത്തേക്ക് യൂനിറ്റിന് ഒമ്പത് പൈസയുടെ വർധന ആവശ്യപ്പെട്ടെങ്കിലും കമീഷൻ പരിഗണിച്ചില്ല.
കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് അഞ്ച് പൈസ കൂട്ടി. 10 കിലോവാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങളുടെ എനർജി ചാർജിലും അഞ്ച് പൈസയുടെ വർധനവുണ്ട്.
പ്രതിമാസം 40 യൂനിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വർധനവില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി ആവശ്യം കമീഷൻ പരിഗണിച്ചില്ലെങ്കിലും നിലവിലെ ഫിക്സഡ് ചാർജിൽ ആനുപാതിക വർധന വരുത്തി.
വാർഷിക വിലക്കയറ്റ തോത് 5.19 ശതമാനമായിരിക്കെ 2024-25 വർഷത്തേക്ക് 2.3 ശതമാനവും 2025-26 വർഷത്തേക്ക് 1.75 ശതമാനവും വർധനവേ അനുവദിച്ചുള്ളൂവെന്നാണ് കമീഷൻ വാദമെങ്കിലും നിരക്ക് വർധന ഉപഭോക്താക്കൾക്ക് ഭാരമാകും.
ഇന്ധന സർചാർജായി 19 പൈസ എല്ലാമാസവും ഈടാക്കുന്നതിനൊപ്പമാണ് എനർജി ചാർജ്, ഫിക്സഡ് ചാർജ് എന്നിവയിലും വർധന പ്രഖ്യാപിച്ചത്. അതേസമയം ജനുവരി മുതൽ മേയ് വരെ ‘സമ്മർ താരിഫ്’ എന്ന പേരിൽ യൂനിറ്റിന് 10 പൈസ ഈടാക്കണമെന്ന ആവശ്യം തള്ളിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.