കോട്ടയം: അരിക്കൊമ്പന് എന്ന കാട്ടാനയെ പിടിക്കുന്ന വിഷയം സജീവമായതോടെ പശ്ചിമഘട്ടത്തിലെ ആനത്താരകൾ സംബന്ധിച്ച വിവാദവും ചൂടുപിടിക്കുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ‘റൈറ്റ് ഓഫ് പാസേജ് -എലിഫന്റ് കോറിഡോഴ്സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് ചർച്ചയാകുന്നത്. ആനകളുടെ സുഗമമായ സഞ്ചാരത്തിന് ദേശീയപാതകളും റെയിൽപാതകളും ഗ്രാമങ്ങളും തടസ്സമാണെന്നും അതിനാൽ അവയെല്ലാം പൂർവസ്ഥിതിയിലാക്കണമെന്നുമാണ് ഗവേഷകരുടെ ആവശ്യം.
അരിക്കൊമ്പൻ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതിയിൽ ഉൾപ്പെട്ട ഡോ. പി.എസ്. ഈസ അടക്കമുള്ളവർ ചേർന്നാണ് ഇൗ പുസ്തകം എഴുതിയിരിക്കുന്നത്. ‘എലിഫന്റ് കോറിഡോഴ്സ് ഓഫ് സൗത്ത് ഇന്ത്യ’ എന്ന തലക്കെട്ടിലെ അധ്യായത്തില്‍ കേരളത്തിലെ പശ്ചിമഘട്ടത്തില്‍ നിരവധി ആനത്താരകളുണ്ടെന്നും അതൊക്കെ ആനകള്‍ക്കായി മാത്രം നീക്കിവെക്കണമെന്നും ഡോ. ഈസ നിര്‍ദേശിക്കുന്നു.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലും പെരിയ റിസര്‍വ് ഫോറസ്റ്റിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. പാല്‍ചുരം- മാനന്തവാടി റോഡിലെ ഗതാഗതം, വരയാലിലെ കാപ്പിത്തോട്ടം, ബോയ്സ് ടൗണ്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ എന്നിവ ആനകളുടെ സുഗമ സഞ്ചാരത്തിന് തടസ്സം നില്ക്കുന്നു. മാനന്തവാടി, കണ്ണൂര്‍ സംസ്ഥാന പാതയും (പാല്‍ചുരം വഴി) ആനനീക്കത്തിന് തടസ്സമാണ്. ഈ മേഖലയില്‍ ആനത്താര ഉണ്ടാക്കുന്നതിന് 62.77 ഏക്കര്‍ ഏറ്റെടുക്കണം. മാനന്തവാടി -കുറ്റ്യാടി റോഡും പ്രക്കാന്തളം- മാനന്തവാടി റൂട്ടിലെ ഗതാഗതവും ആനയുടെ സഞ്ചാരത്തിന് തടസ്സമാണ്. ഇത് മാറ്റാൻ 31 ഏക്കര്‍ ഏറ്റെടുക്കണം.
നിലമ്പൂര്‍ കോവിലകം - ന്യൂ അമരമ്പലം ആനത്താരയിൽ ഊട്ടിയെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡും തോട്ടങ്ങളിലെ വൈദ്യുതി വേലികളും പ്ലാന്റേഷന് കോര്‍പറേഷന്റെ 345 ഹെക്ടര്‍ തോട്ടവും ആനകൾക്ക് തടസ്സമാണ്. വഴിക്കടവ് - നാടുകാണി റോഡില്‍ ഗതാഗതം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ വേണം. മുതുമലൈ-നിലമ്പൂര്‍ ഓവാലി ആനത്താരയിലൂടെയാണ് ഊട്ടി-ബംഗളൂരു ദേശീയപാത 67 കടന്നുപോകുന്നത്. 26 ജനവാസ കേന്ദ്രങ്ങളും നിരവധി കാപ്പി, തേയില, ഏല തോട്ടങ്ങളും നൂറുകണക്കിന് തൊഴിലാളികളും ഇവിടെയുണ്ട്. 2001 മുതല്‍ 2013 വരെ ഈ മേഖലയില്‍ 31 പേര് കാട്ടാന ആക്രമണത്തില്‍ മരിച്ചു. 47 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
കുറിഞ്ഞിമലയില്നിന്ന് ആരംഭിച്ച് ആനമുടിഷോല, മന്നവന്ഷോല, പാമ്പാടുംഷോല, ചുണ്ടുവരൈ, മാട്ടുപ്പെട്ടി, ദേവികുളം, മീശപ്പുലിമല, ഗുണ്ടുമല, സൈലന്റ് വാലിയിലെ പുല്‍മേടുകള്‍, ദേവിമല ചിന്നക്കനാല്‍ വഴി ആനയിറങ്ങലിലെത്തുന്ന ആനത്താരയിൽ 28 ജനവാസ കേന്ദ്രങ്ങളുണ്ട്. ആനയിറങ്ങലില്നിന്ന് ഈ ആനത്താര മൂലത്തറ, ഏലമല, തൊണ്ടിമല, തലക്കുളം, കുടുംപാറ, ചതുരംഗപാറ, കോട്ടമലൈ, രാമക്കല്‍മേട്, ചെല്ലാര്കോവില്മേട്, കുമളിക്ക് സമീപത്തെ പുല്‍മേട് വഴി പെരിയാര്‍ കടുവ സങ്കേതത്തിലെത്തുന്നു.
ഏകദേശം 88.4 കിലോമീറ്റര്‍ ദൂരമുള്ള ഈ ആനത്താരക്കുവേണ്ടിയും കുടിയൊഴിപ്പിക്കൽ വന്നേക്കാം. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡ്, മൂന്നാര്‍-സൂര്യനെല്ലി റോഡ്, കൊച്ചി-മധുര ദേശീയപാത, കമ്പംമേട്ട്-കമ്പം റോഡ്, കൊല്ലം -കുമളി-തേനി ദേശീയപാത (പഴയ കെ.കെ റോഡ്) എന്നിവയും ആന സഞ്ചാരത്തിന് വലിയ തടസ്സമാണെന്നും ഗവേഷകർ വാദിക്കുന്നു.ആനയും മനുഷ്യനും തമ്മിലെ ഇത്തരം സംഘര്‍ഷങ്ങൾ ഒഴിവാക്കാന്‍ നിര്‍ദിഷ്ട ആനത്താരകള്‍ വേണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചാല്‍ അത് മറ്റൊരു യാത്രാ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്ന് ഹൈറേഞ്ച്നിവാസികൾ ഭയപ്പെടുന്നു.
കോട്ടയം: രാജ്യത്ത് നിലവിൽ 101 പ്രധാന ആനത്താരകളാണുള്ളതെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പഠനത്തിൽ പറയുന്നു. കഴിഞ്ഞ ദശകത്തിൽ ഏഴ് ആനത്താരകൾ ഇല്ലാതായി. തെക്കേ ഇന്ത്യയിൽ 28 ആനത്താരകളും മധ്യ ഇന്ത്യയിൽ 25 എണ്ണവും വടക്കുകിഴക്കൻ ഇന്ത്യയിൽ 23 എണ്ണവും പശ്ചിമ ബംഗാളിന്റെ വടക്കുഭാഗത്ത് 14 എണ്ണവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 11 എണ്ണവുമുണ്ട്. ഇവയിൽ 69.3 ശതമാനം ആനത്താരകളും ആനകൾ പതിവായി ഉപയോഗിക്കുന്നുണ്ട്. 21.8 ശതമാനം ആനത്താരകളിൽ മാത്രമെ മനുഷ്യ ഇടപെടൽ ഇല്ലാതെയുള്ളൂ. 66.3 ശതമാനം ആനത്താരകളിലൂടെയും ദേശീയപാതയോ സംസ്ഥാനപാതയോ കടന്നുപോകുന്നുണ്ട്. 20 ആനത്താരകളിലൂടെ റെയിൽവേ ലൈൻ കടന്നുപോകുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.