തിരുവനന്തപുരം: സുതാര്യത ഉറപ്പുവരുത്താൻ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇഷ്ടക്കാരെ ഉൾപ്പെടുന്നതിന് ഇവിടെയും പഴുതുകളേറെ. ഒഴിവുകളുടെ മൂന്നിരട്ടിയും അതിലുമേറെയും ഉദ്യോഗാർഥികളുടെ പട്ടികയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നൽകുന്നത്. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് പരിധിയിൽ ആവശ്യപ്പെട്ട തസ്തികയിലേക്ക് യോഗ്യരായവർ ഇല്ലെങ്കിൽ തൊട്ടടുത്ത ഓഫിസ് പരിധിയിൽനിന്നുള്ളവരുടെയടക്കം ഉൾപ്പെടുത്തിയാണ് എണ്ണം തികച്ച് നൽകുന്നത്. ഒരാളുടെ ഒഴിവ് റിപ്പോർട്ട് ചെയ്താൽപോലും 14 ഉം 18 ഉം പേരുടെ പട്ടിക നൽകുന്നതാണ് രീതി. ഏറ്റവും മികച്ചയാളെ കണ്ടെത്തലാണ് ഇത്തരമൊരു പട്ടികയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയും ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.
മുൻഗണന ക്രമമനുസരിച്ചുള്ള പട്ടികയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് ഓഫിസുകളിലേക്കെത്തുന്നതെങ്കിലും നിയമനത്തിന് ഈ മാനദണ്ഡമൊന്നുമില്ല. പല ഓഫിസുകളിലും റാങ്ക് ലിസ്റ്റ് തയാറാക്കലുമുണ്ടാകില്ല. നിയമനം സംബന്ധിച്ച് ഫയലിൽ നോട്ടുകുറിക്കലിൽ എല്ലാം അവസാനിക്കും. അഭിമുഖത്തിൽ പ്രധാനമായും ജനനതീയതിയുടെയും സർട്ടിഫിക്കറ്റുകളുടെയും വെരിഫിക്കേഷനാണ് നടക്കുക. ബാക്കിയെല്ലാം അധികവും ചടങ്ങാണ്.
പട്ടിക ഓഫിസുകളിലേക്കെത്തുമ്പോൾതന്നെ 'വേണ്ടപ്പെട്ടയാളാണെന്ന' ആമുഖത്തോടെ ഓഫിസ് മേലധികാരിക്ക് വിളിയെത്തും. നേതാക്കളുടെ കത്തുമായി അഭിമുഖത്തിന് എത്തുന്നവരുമുണ്ട്.
രാഷ്ട്രീയ സമ്മർദങ്ങൾക്ക് മുന്നിൽ ഓഫിസ് മേലധികാരിക്കും മറ്റ് വഴിയുണ്ടാകില്ല. മറ്റ് ഇന്റർവ്യൂ മാനദണ്ഡളെല്ലാം മാറ്റിവെച്ച് കത്തുമായി എത്തുന്നയാൾ ജോലിക്ക് അനുയോജ്യനാണോ എന്നുമാത്രം നോക്കി നിയമനം നൽകേണ്ടിവരും.
താൽക്കാലിക ഒഴിവുകൾ ഉൾപ്പെടെ വിജ്ഞാപനം ചെയ്ത് ശരിയായവിധത്തിൽ നിയമനം നടത്തണമെന്നാണ് 1959ലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമം നിഷ്കർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.