ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിലേക്ക്

കോഴിക്കോട്: ഇൻഡിഗോ വിമാനത്തോടുള്ള ബഹിഷ്കരണം അവസാനിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനുമാണ് ജയരാജൻ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിക്ക് പോയത്. രണ്ട് വർഷം നീണ്ട ബഹിഷ്കരണം അവസാനിപ്പിച്ചാണ് ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 2022 ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു മുദ്രാവാക്യം വിളിച്ച് പ്രതിഷേധം.

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധിച്ച ഇ.പി ജയരാജൻ അവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

സംഭവത്തിൽ ഇൻഡിഗോ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ രണ്ടാഴ്ചത്തേക്കും പ്രതിഷേധക്കാരെ നിലത്തേക്ക് തള്ളിയിട്ട ഇ.പിക്ക് മൂന്നാഴ്ചത്തെയും യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതിന് പിന്നാലെ ഇൻഡിഗോ വിമാനം ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച ജയരാജൻ യാത്ര ട്രെയിനിലേക്ക് മാറ്റി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇ.പി തീരുമാനം മാറ്റിയില്ല. മാസങ്ങൾ കഴിഞ്ഞ് എയർ ഇന്ത്യ തിരുവനന്തപുരം-കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ് ജയരാജന്‍ വീണ്ടും വിമാനത്തിൽ യാത്ര തുടങ്ങിയത്.

Tags:    
News Summary - Ending the Boycott EP Jayarajan; Indigo to Delhi to meet Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.