തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ വീണ്ടും നിസ്സഹായരുടെ നിലവിളി ഉയർന്നു. അമ്മേയെന്ന് വിളിക്കാനും അയ്യോയെന്ന് കരയാനും പോലും കഴിയാത്ത മക്കളുമായിട്ടാണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ഗ്രാമപഞ്ചായത്തുകളിൽനിന്ന് അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സുപ്രീംകോടതിവിധി നടപ്പാക്കണമെന്നും സർക്കാർ വാക്കുപാലിക്കണമെന്നും അവശ്യപ്പെട്ട് എൻസോസൾഫാൻ പീഡിത ജനകീയ മുന്നണി സംഘടിപ്പിച്ച ഏകദിന ‘സമരജ്വാല’ സാമൂഹിക പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്തു.
എല്ലാം ശരിയാക്കാമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയവർ എല്ലാം അട്ടിമറിക്കുകയാണെന്ന് അവർ പറഞ്ഞു. ഭരണാധികാരികളുടെ സാമ്പത്തിക ആർത്തി കാരണമാണ് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്. കാസർകോട്ടെ ഗ്രാമങ്ങളിൽ പോയി എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടപ്പോഴാണ് അവസ്ഥ ഇത്ര ഭയാനകമാണെന്ന് വ്യക്തമായത്. മുഖ്യമന്ത്രി ഇവരുടെ കണ്ണീരിനും വേദനക്കും എന്തെങ്കിലും പരിഹാരം കാണണം. ജീവച്ഛവങ്ങളായ മനുഷ്യരാണ് ഇവിടെ സമരത്തിനെത്തിയ അമ്മമാർ. അവരുടെ മുഖങ്ങളിലേക്ക് മന്ത്രിമാരൊന്ന് നോക്കണം. മനഃസാക്ഷിയില്ലാതെ ഒന്നും കണ്ടില്ലെന്ന് നടിച്ച് മന്ത്രിക്കസേരയിൽ ഇരിക്കരുത്. ഇത് അവസാന പോരാട്ടമാണ്. സെക്രട്ടേറിയറ്റിനുമുന്നിൽ പട്ടിണികിടന്ന് മരിച്ചാൽ സർക്കാർ മറുപടി പറേയണ്ടിവരുമെന്നും റേഷൻ കാർഡിൽ എൻഡോ സൾഫാൻ ദുരിതബാധിതരെ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും അവർ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം 5848 പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടതെങ്കിലും കിട്ടിയത് 2665 പേർക്ക് മാത്രമാണെന്ന് അധ്യക്ഷതവഹിച്ച മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്യാമ്പ് നടത്തി 1905 പേരുടെ കരട് പട്ടിക തയാറാക്കിയെങ്കിലും 287 പേരെ മാത്രമാണ് സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത്. പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്നും ദുരന്തബാധിതരുടെ പട്ടിക സർക്കാർ പുനഃപരിശോധിക്കുമെന്നും സമരവേദിയിലെത്തിയ സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. സൂചനാ സമരം ഫലം കണ്ടില്ലെങ്കിൽ മാർച്ച് പകുതിയോടെ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രസിഡൻറ് മുനിസ അമ്പലത്തറ പറഞ്ഞു. കണ്ണീർക്കഥകളുടെ പാട്ടുപാടിയാണ് സമരം തുടർന്നത്. എം.എൽ.എമാരായ എന്‍.എ. നെല്ലിക്കുന്ന്, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, ഖാദര്‍ ചട്ടഞ്ചാൽ താജുദ്ദീന് ചേരങ്കൈ, ഗീതാ ജോണി, ബുര്‍ഹാന്‍ തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.