കാസർകോട്: ഏറെ കാത്തിരിപ്പിനുശേഷം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിച്ച് സാമൂഹിക നീതിവകുപ്പ് ഉത്തരവായി. പതിവിൽനിന്ന് വ്യത്യസ്തമായി ജില്ല ചുമതയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനെ പരിഗണിക്കാതെ കണ്ണൂർ ജില്ലയിൽ നിന്നുള്ള തദ്ദേശ സ്വയംഭരണ മന്ത്രിക്കാണ് ചുമതല നൽകിയത്.
തിരുവനന്തപുരത്തെ 'തണൽ'എന്ന പ്രമുഖ പരിസ്ഥിതിസംഘടനയെ സെല്ലിൽനിന്ന് സർക്കാർ ഒഴിവാക്കി. ജില്ലയിൽനിന്നുള്ള എം.പി, എം.എൽ.എമാർ, അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പുകളുടെ ജില്ല മേധാവികൾ, എൻഡോസൾഫാൻ ദുരിതബാധിതരുടേതായി കണക്കാക്കുന്ന 11 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുൾപ്പെടെയുള്ള 47 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
'തണൽ'ഉൾപ്പെടെ ജില്ലക്ക് പുറത്തുള്ള സന്നദ്ധ സംഘടനകളെ ഒഴിവാക്കിയപ്പോൾ കാസർകോട് ജില്ലയിൽനിന്നുള്ള സന്നദ്ധ സംഘടനകളുടെ പേര് സമർപ്പിക്കാൻ എൻഡോസൾഫാൻ ദുരിതബാധിതരുടെ 11 പഞ്ചായത്തുകൾക്ക് അധികാരം നൽകി. കലക്ടറാണ് സെൽ കൺവീനർ. ആദ്യ യോഗംചേർന്ന് സെല്ലിൽ ഉൾപ്പെടേണ്ട സന്നദ്ധ സംഘടനകളെ തിരഞ്ഞെടുക്കും. കാസർകോട് ജില്ലക്കാരനായ മുൻ മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു മുൻ സെല്ലിന്റെ ചെയർമാൻ. ഈ സെല്ലിന്റെ അവസാനയോഗം 2021 ഫെബ്രുവരിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
തുടർഞ്ഞ് കഴിഞ്ഞ ഒരുവർഷമായി സെൽ ഉണ്ടായിരുന്നില്ല. പുതിയ സെല്ലിന്റെ മുന്നിലുള്ള ആദ്യ പരിഗണന എൻഡോസൾഫാൻ ഇരകളിൽ ഭൂരഹിതർക്ക് വീട് വെക്കുന്നതിന് ഭൂമി നൽകുകയും മുളിയാർ പഞ്ചായത്തിലെ പുനരധിവാസകേന്ദ്രം നിർമാണവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.