തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനക്ക് വിധേയമായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തും. മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിക്കും.
20,808 പേരുടെ ഫീല്‍ഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കല്‍ പരിശോധനയും മൂന്നാം ഘട്ട മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂര്‍ത്തീകരിക്കും.
2011 ഒക്ടോബർ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിചരണവും പരിപാലനവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ തുടരാന്‍ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. അത് കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി നല്‍കും. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീര്‍ക്കും. ഈ തുക നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുന്‍ഗണനാടിസ്ഥാനത്തില്‍ തുക നല്‍കാനും തീരുമാനമായി.
മൂളിയാര്‍ പുനരധിവാസ ഗ്രാമം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പൂർണ സജ്ജമായിട്ടില്ല. ദിവസം 30 പേര്‍ക്ക് പരിചരണം നല്‍കാനാവുന്ന ഇവിടെ തെറാപ്പിസ്റ്റുകളെ നിയമിക്കും. ജീവനക്കാരെ നിയമിക്കാനും പരിശീലനം നല്‍കാനും നിപ്‌മെറിനെ ചുമതലപ്പെടുത്തും. 10 ബഡ്‌സ് സ്‌കൂള്‍ ഏറ്റെടുത്ത് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററായി (എം.സി.ആര്‍.സി) ഉയര്‍ത്തിയിട്ടുണ്ട്. അതതു പഞ്ചായത്തില്‍ പകല്‍ പരിപാലന കേന്ദ്രം ആരംഭിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദു, വീണ ജോർജ്, കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി, കാസര്‍കോട് കലക്ടര്‍ ഇന്‍പശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.