തിരുവനന്തപുരം: മാധ്യമങ്ങളിൽ അഭിപ്രായം പറയുമ്പോൾ പരസ്പര ആരോപണ-പ്രത്യാരോപണങ്ങൾ ഒഴിവാക്കണമെന്നും മിതമായ ഭാഷ ഉപയോഗിക്കണമെന്നും ഊർജ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ഇ.ബിക്കും ഓഫിസർമാർക്കും നിർദേശം നൽകി. ഓഫിസർമാരുടെ സമരം തീർക്കാൻ സെക്രട്ടറി വിളിച്ച ചർച്ചയിലാണ് നിർദേശം. യോഗത്തിന്റെ മിനിറ്റ്സിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തു. സമരത്തെ തുടർന്ന് കടുത്ത ഭാഷയാണ് ഇരുഭാഗത്തുനിന്നും ഉപയോഗിച്ചിരുന്നത്.
ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്ന ആവശ്യം അച്ചടക്ക നടപടി പൂർത്തിയാകുന്ന മുറക്ക് തീരുമാനിക്കാനും ധാരണയായി. അച്ചടക്ക നടപടി തീർപ്പാകുമ്പോൾ നേതാക്കളെ മുമ്പ് ജോലി ചെയ്തിരുന്ന ജില്ലയിൽ നിയമിക്കുന്നത് പരിഗണിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. അച്ചടക്ക നടപടി സമയബന്ധിതമായി തീർപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. അതേ തസ്തികയിൽ നിയമനം നൽകണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ബോർഡ് യോഗത്തിൽ തള്ളിക്കയറിയ ഓഫിസർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും അവർക്കെതിരായ അച്ചടക്ക നടപടികൾ അനുഭാവപൂർവം തീർപ്പാക്കാനും ധാരണയായി.
ഓഫിസർമാരുടെ പ്രതിനിധികൾക്ക് കമ്പനി തീരുമാനങ്ങളിൽ വിയോജിപ്പും അഭിപ്രായ വ്യത്യാസവും രേഖപ്പെടുത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് ആവശ്യമുയർന്നു. പ്രശ്നങ്ങൾ ബോർഡിന്റെ ശ്രദ്ധയിൽപെടുത്തി തീർപ്പാക്കാത്ത സാഹചര്യത്തിലാണ് പരസ്യ നിലപാടുകൾ സ്വീകരിക്കുന്നതെന്നും ഓഫിസർമാർ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും ഉന്നയിക്കാനുള്ള അവകാശം തടയുന്ന സമീപനമുണ്ടാകില്ലെന്നും സ്ഥാപനത്തിന്റെ പ്രതിച്ഛായ മോശമാകുന്ന സ്ഥിതി ഒഴിവാക്കണമെന്നും ചെയർമാൻ പറഞ്ഞു. സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ തന്നെ ജീവനക്കാർ പെരുമാറ്റച്ചട്ടത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് യോഗം വിലയിരുത്തി.
ജനറൽ സെക്രട്ടറിയുടെ പ്രമോഷൻ അച്ചടക്ക നടപടി പൂർത്തിയാക്കി വേഗം തീരുമാനിക്കാനും ധാരണയായി. സത്യഗ്രഹത്തിൽ പങ്കെടുത്തവർക്ക് ഡയസ്നോൺ ബാധകമാക്കിയത് പിൻവലിച്ച് അവധിയാക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ഇക്കാര്യം നിയമവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. അന്തിമ തീരുമാനം വരുന്നതുവരെ ഡയസ്നോൺ പ്രകാരം നടപടി സ്വീകരിക്കില്ലെന്ന് ചെയർമാനും വ്യക്തമാക്കി. മാനേജ്മെന്റും ജീവനക്കാരുടെ പ്രതിനിധികളും തമ്മിലെ സുഗമ ആശയ വിനിമയത്തിന് ഡയറക്ടർ ഫിനാൻസിനെ ചുമതലപ്പെടുത്തി. പരസ്പര വിട്ടുവീഴ്ചകളോടെ ബോർഡിന്റെ സുഗമപ്രവർത്തനത്തിന് വഴിയൊരുക്കാനും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.