തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ മൂന്ന് റൗണ്ട് അലോട്ട്മെന്റ് പൂർത്തിയായപ്പോഴും 48.81ശതമാനം മെറിറ്റ് സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 67.26 ശതമാനം മെറിറ്റ് സീറ്റുകളിലും കുട്ടികളില്ല. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലായി ഇത്തവണ ആകെയുള്ളത് 49,461 സീറ്റുകളാണ്. ഇതിൽ 34,108 സീറ്റുകളാണ് മെറിറ്റിലുള്ളത്. ഇതിൽ 17,457 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ കമീഷണറുടെ മൂന്നാം അലോട്ട്മെന്റ് പൂർത്തിയായപ്പോൾ വിദ്യാർഥികളെത്തിയത്.
അവശേഷിക്കുന്ന മെറിറ്റ് സീറ്റുകൾ 16,651. സർക്കാർ കോളജിൽ ആകെയുള്ളത് 6218 സീറ്റുകളാണ്. ഇതിൽ 6038 പേർക്ക് അലോട്ട്മെന്റ് നൽകി. ബാക്കിയുള്ളത് 180 സീറ്റ്.
സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിന്ന് സർക്കാറിന് വിട്ടുനൽകിയ മെറിറ്റ് സീറ്റുകൾ 19,844 ആണ്. ഇതിലേക്ക് ആകെ അലോട്ട്മെന്റ് നേടിയത് 6496 പേർ. അവശേഷിക്കുന്നത് 13348 സീറ്റുകൾ. സർക്കാർ നിയന്ത്രിത ആകെയുള്ള മെറിറ്റ് സീറ്റുകൾ 8046 ആണ്. ഇതിൽ 4923 എണ്ണത്തിലേക്കാണ് വിദ്യാർഥികൾക്ക് അലോട്ട്മെന്റ് നൽകിയത്. അവശേഷിക്കുന്നത് 3123 സീറ്റുകൾ.
സ്വകാര്യ സ്വാശ്രയ കോളജുകളിലും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും മൂന്ന് അലോട്ട്മെന്റിനു ശേഷവും അവശേഷിക്കുന്ന സീറ്റുകളിലേക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷ യോഗ്യതയില്ലാത്തവർക്കും മാനേജ്മെന്റിന് പ്രവേശനം നൽകാനാകും.
മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശന ഘട്ടം കൂടി പൂർത്തിയാകുന്നതോടെ മാത്രമേ മൊത്തം ഒഴിവുകളുടെ എണ്ണം വ്യക്തമാകൂ.
ബി.ജെ.പി വോട്ട് കിട്ടാതെ യു.ഡി.എഫ്
ജയിക്കില്ല -എം.വി. ഗോവിന്ദൻ
തൃശൂർ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് കിട്ടാതെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതുപ്പള്ളിയിലെ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് വാങ്ങിയോയെന്ന് സംശയമുണ്ട്. വോട്ടെണ്ണുമ്പോഴേ ഇത് വ്യക്തമാകൂ.
താഴെത്തട്ടിലെ കണക്ക് കിട്ടിയിട്ടുണ്ട്. ബി.ജെ.പിക്ക് അവിടെ ഏതാണ്ട് 19,000 വോട്ടുണ്ട്. അത് യു.ഡി.എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. അതില്ലെങ്കിൽ എൽ.ഡി.എഫ് ജയിക്കും. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാവില്ല.
പുതുപ്പള്ളിയിലെ വിധി സർക്കാറിന്റെ ആണിക്കല്ല് ഇളക്കുന്നതാകുമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഫലം വരുന്നതോടെ സർക്കാറിന്റെ ആണിക്കല്ല് ഉറക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വോട്ടിങ് വൈകിച്ചെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.