തൃശൂർ: തളിക്കുളം തമ്പാൻ കടവിൽനിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾ സുഹൃത്തുക്കൾക്ക് നൽകിയ അപകട സന്ദേശത്തിൽ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. പുലർച്ചെ ഏതാണ്ട് ഒന്നോയൊയിരുന്നു സംഭവം. തങ്ങൾ സഞ്ചരിച്ചിരുന്ന വള്ളം തകർന്നെന്നും രക്ഷിക്കണമെന്നുമായിരുന്നു ആ സന്ദേശം. വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് കുതിച്ചു. ആറ് മണിക്കൂറോളം അവർ നടത്തിയ തെരച്ചിലിൽാ പ്രിയപ്പെട്ടവരിൽ ഒരാളെപ്പോലും കണ്ടെത്താനായില്ല. നിരാശയുടെ മണിക്കൂറുകളായിരുന്നു പിന്നീട്.
ഗീതാ ഗോപി എം.എൽ.എ ഉൾപ്പടെ തിരച്ചിലിന് നേതൃത്വം നൽകാനെത്തിയിരുന്നു. ഈ സമയമാണ് എഞ്ചിനീയറിങ് വിദ്യാർഥിയായ ദേവാംഗ് അച്ഛനിൽ നിന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ വിവരം അറിയുന്നത്. എന്തുകൊണ്ട് തന്‍റെ കയ്യിലുള്ള ഡ്രോൺ ഉപയോഗിച്ച് അവർക്കായി തിരച്ചിൽ നടത്തിക്കൂട എന്ന ചിന്തയാണ് 19കാരനായ ദേവാംഗിനെ സംഭവസ്ഥലത്ത് എത്തിക്കുന്നത്. ദേവാംഗ് എത്തുേമ്പാൾ ഫയർഫോഴ്സ് ഉൾപ്പടെ തിരച്ചിൽ മതിയാക്കി മടങ്ങിയിരുന്നു. ആറ് മണിക്കൂറിലധികം കടലിൽ പിടിച്ചുനിൽക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ആവില്ലെന്ന് അവരുടെ സുഹൃത്തുക്കൾപോലും പറഞ്ഞുതുടങ്ങിയിരുന്നു.
കൊച്ചിയിൽനിന്ന് ഹെലികോപ്ടർ വന്നാലെ എന്തെങ്കിലും നടക്കൂ എന്നായിരുന്നു എല്ലാവരുടേയും അഭിപ്രായം. എങ്കിലും അവസാനവട്ട തിരച്ചിലിന് ഇറങ്ങാമെന്ന് ദേവാംഗ് ആത്മവിശ്വാസം പറഞ്ഞപ്പോൾ എല്ലാവരും അവനോടൊപ്പം നിന്നു. എം.എൽ.എ ഇടപെട്ട് ഡ്രോൺ പറത്താനുള്ള അനുമതി വാങ്ങിനൽകി. അങ്ങിനെ വള്ളത്തിൽകയറി ദേവാംഗ് കടലിലേക്ക് തിരിച്ചു. ഏകദേശം 15 നോട്ടിക്കൽ മൈൽ പിന്നിട്ടപ്പോൾ ഡ്രോണിന്‍റെ മോണിറ്ററിൽ ഒരുകുത്തുപോലെ എന്തോ ഒന്ന് കണ്ടു. ഡ്രോൺ താഴ്ത്തി നോക്കിയപ്പോൾ കണ്ടത് കടലിൽ കയ്യിട്ടടിക്കുന്ന മനുഷ്യനെയാണ്. എല്ലാവരും വള്ളത്തിൽ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ചു.
തുഴയെറിഞ്ഞ് പിടിച്ചുകയറ്റി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആദ്യം കണ്ടയാളിന്‍റെ ഏകദേശം 200 മീറ്റർ ചുറ്റളവിൽ മറ്റ് മൂന്നുപേരേയും ദേവാംഗ് കണ്ടെത്തി. അവസാനത്തെയാളെ വള്ളത്തിലേക്ക് വലിച്ച് കയറ്റിയപ്പോഴേക്കും ബോധംകെട്ട് വീണെന്നും ദേവാംഗ് പറയുന്നു. ഇപ്പോൾ ഹൈദരാബാദിൽ എഞ്ചിനീയറിങിന് പഠിക്കുന്ന ദേവാംഗ് കോവിഡ് കാരണമാണ് വീട്ടിലുള്ളത്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് വിനോദയാത്രക്കിടെ കാട്ടിലകപ്പെട്ട കൂട്ടുകാരേയും ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ടുപിടിച്ചിട്ടുള്ളതായി സഹപാഠികൾ ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.