തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ കേന്ദ്രീകൃത അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ എൻട്രൻസ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്കും പ്രവേശനത്തിന് അനുമതി നൽകും. ഈ വർഷത്തെ പ്രവേശന നടപടികളുടെ മുന്നോടിയായി എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് ധാരണ. നിലവിൽ സംസ്ഥാനത്ത് എൻ.ആർ.ഐ ക്വോട്ട ഒഴികെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി സർക്കാർതലത്തിൽ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാശ്രയ കോളജുകളിലേക്ക് സർക്കാർ നടത്തുന്ന അലോട്ട്മെന്റുകളും കോളജ് തലത്തിൽ നടത്തുന്ന സ്പോട്ട് അലോട്ട്മെന്റ് ഉൾപ്പെടെ പ്രവേശന നടപടികൾ പൂർത്തിയായശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് എൻട്രൻസ് യോഗ്യതയിൽ ഇളവുനൽകി പ്രവേശനം നടത്തുന്നതിന് ധാരണയായത്.
എന്നാൽ, എൻജിനീയറിങ് പ്രവേശനത്തിന് ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളിൽ നേടേണ്ട മിനിമം മാർക്ക് നിബന്ധനയിൽ മാറ്റംവരുത്തില്ല. ഈ വിഷയങ്ങളുടെ പരീക്ഷയിൽ മൊത്തത്തിൽ 45 ശതമാനം മാർക്ക് നേടി ഹയർസെക്കൻഡറി പരീക്ഷ പാസാകണമെന്നാണ് എ.ഐ.സി.ടി.ഇ നിബന്ധന പ്രകാരമുള്ള പ്രോസ്പെക്ടസ് വ്യവസ്ഥ. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശനം മെറിറ്റടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കാൻ സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) മേൽനോട്ടവും കൊണ്ടുവരും. എൻട്രൻസ് യോഗ്യത കാരണം കേരളത്തിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ കൂട്ടത്തോടെ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെനിന്ന് കോഴ്സ് പൂർത്തിയാക്കുന്നതും മാനേജ്മെന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ 50 ശതമാനം സീറ്റുകളാണ് സർക്കാറിന് വിട്ടുനൽകുന്നത്. പ്രവേശന പരീക്ഷ കമീഷണർ മൂന്ന് അലോട്ട്മെന്റാണ് സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്ക് നടത്തുന്നത്. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മാനേജ്മെന്റിന് പ്രവേശനം നടത്താം. എൻട്രൻസ് യോഗ്യത കർശനമായതിനാൽ സർക്കാർ അലോട്ട്മെന്റിന് ശേഷം വിട്ടുകിട്ടുന്ന സീറ്റുകളിലേക്കും പ്രവേശനം നടക്കാറില്ല.
ഇതിന് പുറമെ മാനേജ്മെന്റ് ക്വോട്ടയിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കാറുണ്ട്. സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുന്നത് കോളജ് നടത്തിക്കൊണ്ടുപോകുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായും അസോസിയേഷൻ പ്രതിനിധികൾ ബോധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.