കണ്ണൂർ: മുസ്‍ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചും മണിക്കൂറുകൾക്കകം തിരുത്തിയും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ലീഗിനെ മുന്നണിയിൽ ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപവത്കരണത്തിലെ കിങ്മേക്കർ ആണെന്നുമാണ് വ്യാഴാഴ്ച രാവിലെ ഇ.പി തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ലീഗ് ഇല്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോൺഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഉച്ചക്ക് കണ്ണൂർ പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം മലക്കം മറിഞ്ഞു. ലീഗിനെ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഇടതുപക്ഷത്തെ മഹാഭൂരിപക്ഷത്തിന്റെ മുന്നണിയാക്കി മാറ്റാനാണ് ശ്രമമെന്നും മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും പറഞ്ഞു.
എൽ.ഡി.എഫിന് ഇപ്പോൾ തന്നെ 99 സീറ്റുകളുണ്ട്. മറുപക്ഷത്തുള്ള ജനങ്ങളെ മുന്നണിയിലേക്ക് ആകർഷിക്കലാണ് ലക്ഷ്യം. ഇടതുപക്ഷ നയങ്ങളിൽ ആകർഷിച്ചിട്ടാണ് പലരും ഇങ്ങോട്ടു വരുന്നത്. മുന്നണി വിപുലീകരിക്കുന്ന കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഇടതു മുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
കെ.എസ്.ഇ.ബി അടക്കമുള്ള സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ അടിയന്തരമായി ചർച്ചചെയ്ത് പരിഹരിക്കും. കണ്ണൂർ ലോബിയെന്ന പ്രയോഗം ശരിയല്ല, നാടും സ്ഥലവും നോക്കിയല്ല ഇടതുപക്ഷം ആളുകൾക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്.
പി. ശശിയുടെ നിയമനം പാർട്ടി ഏകകണ്ഠമായാണ് തീരുമാനിച്ചത്. കേന്ദ്ര മന്ത്രിയെന്ന നിലവാരം മറന്നാണ് വി. മുരളീധരൻ പ്രവർത്തിക്കുന്നത്. കേരളത്തിനായി ഒന്നും ചെയ്യാത്ത കേരളക്കാരനായ കേന്ദ്രമന്ത്രി എന്ന പദവി അദ്ദേഹം നേടിയിരിക്കുന്നുവെന്നും ജയരാജൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.