കണ്ണൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കോൺഗ്രസ് നേതാവ് കെ.സുധാകരൻ എന്നിവർക്കെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ഇ.പി ജയരാജൻ നടത്തിയ കൂടിക്കാഴ്ച പാർട്ടിക്ക് ക്ഷീണമായിരുന്നു. തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്കെതിരെ വിമർശനമുയർന്നെങ്കിലും നടപടി വേണ്ടെന്നും പരസ്യനിലപാടിൽ പിന്തുണക്കുന്ന സമീപനം മതിയെന്നും ധാരണയിലെത്തുകയായിരുന്നു. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സി.പി.എം ഇ.പിക്ക് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കുന്നത്.
പ്രകാശ് ജാവേദ്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാറാണ് വെളിപ്പെടുത്തുന്നത്. ഇ.പിയെയും തന്നെയും പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നാണ് നന്ദകുമാർ പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞെന്നും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് സഹായിച്ചാൽ എസ്.എൻ.സി ലാവലിൻ കേസ്, നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് എന്നിവ അവസാനിപ്പിക്കാമെന്ന് ഉറപ്പ് കൊടുത്തെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്‍റെ ഫ്ലാറ്റിൽ പേരക്കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ പോയപ്പോൾ ജാവേദ്കർ അവിടേക്ക് വന്ന് തന്നെ കണ്ടിരുന്നുവെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും ഇ.പി സമ്മിതിച്ചിരുന്നു.
ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഇ.പി.ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നത്.
അഴിമതിയുടെ കൊട്ടാരത്തിന്റെ കാവൽക്കാരനാണ് ഇ.പി.ജയരാജനെന്നാണ് ഇന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മുഴുവൻ കത്തുമെന്നും പിണറായി വിജയനടക്കം അകത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.