തൃശൂർ: കേരളാ കോൺഗ്രസ് എം അധ്യക്ഷൻ കെ.എം മാണിയെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി ജയരാജൻ വിശേഷിപ്പിച്ചു. വലിയ അംഗീകാരവും വർഷങ്ങളോളം മന്ത്രിപദവും വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം. മാണിയെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതിൽ തെറ്റില്ലെന്നും ജയരാജൻ പറഞ്ഞു.
കാർഷിക മേഖലയിൽ സ്വാധീനമുള്ള വ്യക്തിയാണ് മാണി. സി.പി.എം ഉന്നയിക്കുന്ന രാഷ്ട്രീയ കാര്യങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും മാണി അഭിപ്രായം പറയുന്നത് നല്ലതാണെന്നും ജയരാജൻ വ്യക്തമാക്കി.
മാണിക്കെതിരെ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജയരാജൻ പ്രതികരിച്ചു. തങ്ങളുടെ നയം സ്വീകരിക്കാൻ തങ്ങളെ വിടുകയാണ് വേണ്ടതെന്നും ജയരാജയൻ മറുപടിയായി പറഞ്ഞത്.
എൽ.ഡി.എഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും. എൽ.ഡി.എഫിന്‍റെ ബഹുജന അടിത്തറ വിപുലപ്പെടുത്തണം. ഇതിലൂടെ കേരളത്തിലും കേന്ദ്രത്തിലും മുന്നേറ്റം ഉണ്ടാകണം. അതിന് വേണ്ടിയാണ് ഇടതുമുന്നണി പ്രവർത്തിക്കുന്നത്. നയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണിതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഒരു ബദൽ നയം ഉയർത്തി രാജ്യത്ത് ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടുകയാണ് ഇടതുപക്ഷം. ബദൽ നയം അംഗീകരിക്കുന്നവർ ആ മഹാപ്രവാഹത്തിൽ അണിച്ചേരുമെന്നും ജയരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.