തിരുവനന്തപുരം: എ.ഡി.ജി.പിക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് സംബന്ധിച്ച് വിജിലൻസ് വിവരങ്ങൾ തേടി. പി.വി. അൻവർ എം.എൽ.എ അജിത്കുമാറിനെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് വിവരങ്ങൾ തേടിയത്.
കവടിയാറിലെ ആഡംബര വീട് നിർമാണം, ഫ്ലാറ്റ് വിൽപന എന്നിവക്ക് പുറമെ, സ്വർണം തട്ടിയെടുക്കലിലൂടെ എ.ഡി.ജി.പി എം.ആർ. അജിത്കുമാറും സസ്പെൻഷനിലുള്ള എസ്.പി സുജിത്ദാസും മലപ്പുറത്തെ ഡാൻസാഫ് സംഘവും വൻതോതിൽ സ്വത്തുണ്ടാക്കിയെന്ന അൻവറിന്റെ ആരോപണമാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അഞ്ച് വർഷത്തിനിടെ കരിപ്പൂരിൽനിന്ന് പിടിച്ചെടുത്ത സ്വർണം സംബന്ധിച്ച വിവരമാണ് കസ്റ്റംസിൽ നിന്നും പൊലീസിൽ നിന്നും ശേഖരിച്ചത്. അഞ്ച് വർഷത്തിനിടെ 147.78 കിലോ സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. ഇക്കൊല്ലം ആറുമാസം കൊണ്ട് 18.1 കിലോയാണ് പിടിച്ചത്. ഭൂരിഭാഗം കേസുകളും കരിപ്പൂരിലാണ്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പി കെ.എൽ. ജോൺകുട്ടിയാണ് അന്വേഷണ സംഘത്തലവൻ. മൊഴിയെടുപ്പിന് ഹാജരാവാൻ അൻവറിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.