സ്വാതന്ത്ര്യത്തിന് മുമ്പ് 1925 മുതൽ പേരുകേട്ട മാർക്കറ്റായിരുന്നു ഈരാറ്റുപേട്ട. ഇപ്പോൾ പ്രൈവറ്റ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു ആദ്യ മാർക്കറ്റ്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം എന്നു പറയാൻ കഴിയുന്ന നിലയിൽ പ്രശസ്തമായതായിരുന്നു ഇവിടത്തെ ചന്ത.
സ്ഥലപരിമിതി പരിഗണിച്ച് 1980ലാണ് ഇപ്പോഴുള്ള മാർക്കറ്റ് റോഡിന്റെ മധ്യഭാഗത്തായി അര ഏക്കർ സ്ഥലത്ത് കൂടുതൽ വിശാലമായി മാർക്കറ്റ് പുനഃക്രമീകരിച്ചത്. പഴം, പച്ചക്കറി, ഉണക്ക മീൻ, മാട്ടിറച്ചി, ആട്ടിറച്ചി, പച്ചമീൻ തുടങ്ങിയവയല്ലാം യഥേഷ്ടം വാങ്ങാൻ കഴിയുമായിരുന്നു. ആട്ടിറച്ചിക്ക് ഒരു രൂപയും മാട്ടിറച്ചിക്ക് രണ്ടണയുമായിരുന്നു അക്കാലത്തെ വില. പഞ്ചായത്തിന്റെ മുഖ്യവരുമാന സ്രോതസ്സായിരുന്നു മാർക്കറ്റിലെ സ്ഥാപനങ്ങളുടെ ലേല തുക. കാലോചിത മാറ്റങ്ങൾക്കനുസരിച്ച് മാർക്കറ്റ് കെട്ടിടങ്ങൾ പണിയാൻ കഴിയാതെ വന്നതോടെ നാടിന്റെ വിവിധ പ്രദേശങ്ങളിലെ അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് വ്യാപാരം മാറാൻ തുടങ്ങി. മാർക്കറ്റിനെ ആശ്രയിക്കാതെതന്നെ ഇറച്ചിയും മീനും മറ്റ് സാധനങ്ങളും എല്ലായിടത്തും സുലഭമായി. 2016ലാണ് നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ നടപടി തുടങ്ങിയത്.
മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തതും ഇടിഞ്ഞുപൊളിയാറായതുമായ കെട്ടിടവുമായിരുന്നു മാർക്കറ്റിൽ ഉണ്ടായിരുന്നത്. ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിച്ച് മത്സ്യ-മാംസ വ്യാപാരത്തിന് നൽകാനായിരുന്നു പദ്ധതി. നിലവിലുണ്ടായിരുന്ന വ്യാപാരികളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പുതിയ നഗരസഭകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ കോംപ്ലക്സ് പണിതത്. പണി ആരംഭിച്ചപ്പോൾതന്നെ ഒരുപാട് വിവാദങ്ങൾക്ക് കെട്ടിടം വേദിയായി.
1.20 കോടി രൂപ ലോകബാങ്ക് സഹായത്തോടെയായിരുന്നു നിർമാണം. കോംപ്ലക്സ് നിർമാണത്തിൽ വൻ അഴിമതി നടന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. ഇടതു മുന്നണിയിലെ ടി.എം. റഷീദായിരുന്നു ചെയർമാൻ. തുടർന്ന് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരുകയും പുതിയ ഭരണസമിതി അധികാരത്തിലേറുകയും ചെയ്തു. പിന്നീട് വന്ന ഭരണസമിതി മാർക്കറ്റ് കോംപ്ലക്സ് നിർമാണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തു. 21 ഷട്ടർ മുറികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
2016ൽ നിർമിച്ച കോംപ്ലക്സിൽ ഇപ്പോഴും അഞ്ച് മുറികൾ മാത്രമാണ് ലേലത്തിൽ പോയത്. കൃത്യമായ പ്ലാനിങ് ഇല്ലാതെ നിർമിച്ചതിനാൽ മുറികൾ വാടകക്ക് എടുക്കാൻ ആളെത്തുന്നുമില്ല. മുറികൾ ലേലത്തിൽ പോകാതായതോടെ കെട്ടിടവും പരിസരവും കാടുപിടിച്ചു തുടങ്ങി. ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം മുറ്റത്ത് പാകിയ ടൈലുകളെല്ലാം ഇളകി നശിച്ചു. കെട്ടിടം വെറുതെകിടന്ന് നശിക്കുമ്പോൾ നഗരസഭക്ക് വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമാവുന്നത്. സെക്യൂരിറ്റി തുക കുറച്ച് ഷട്ടർ മുറികൾ ലേലം ചെയ്യുകയാണ് ഇതിനുള്ള പരിഹാരമാർഗം. നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയാലേ അത് നടക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.