പന്തൽ ഉസ്താദ് സുലൈമാൻ, ഏർവാടി ഉമ്മിച്ച ഷാഹിന

ഏർവാടി ഉമ്മിച്ച പുതിയ അവതാരം; ഗുരു 'പന്തൽ' ഉസ്താദ്

കായംകുളം: ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തി​െൻറ മറവിൽ യുവതിക്കും മാതാവിനും നേരെ അക്രമണമുണ്ടായ സംഭവത്തിൽ പിടിയിലായ ഷാഹിന അറിയപ്പെട്ടത് 'ഏർവാടി ഉമ്മിച്ച' എന്ന പേരിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാഹിന ഒരു മാസക്കാലത്തോളം ഏർവാടിയിൽ കഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഈ പേര് സ്വീകരിച്ചത്.

ഷാഹിനയുടെ കൂടെ അറസ്റ്റിലായ 'പന്തൽ ഉസ്താദ്' എന്നറിയപ്പെടുന്ന സുലൈമാനാണ് ഇവരുടെ മന്ത്രവാദ ഗുരു. കുളത്തൂപ്പുഴ സ്വദേശിയായ ഇയാൾ നേരത്തെ പന്തൽ പണിക്കാരനായിരുന്നു. ഷാഹിനയും പന്തൽ ഉസ്താദും  ഏർവാടിയിൽവെച്ചാണ് പരിചയപ്പെടുന്നത്. മന്ത്രവാദത്തിൽ ഇയാളുടെ അമിതാവേശം ഇന്ന് പൊലീസിന്റെ പിടിയിലാകുന്നതിൽ കലാശിക്കുകയായിരുന്നു.  

ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിൽ വെച്ചാണ് കഴിഞ്ഞദിവസം കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമക്കും (26) മാതാവ് സാജിദക്കും പന്തൽ ഉസ്താദിന്റെയും ഏർവാടി ഉമ്മിച്ചയുടെയും മർദനമേറ്റത്. സംഭവത്തിൽ ഏർവാടി ഉമ്മിച്ച ഷാഹിന (23), ഭർത്താവ് താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), മാതൃസഹോദരനും മർദനമേറ്റ ഫാത്തിമയുടെ ഭർത്താവുമായ പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (കുഞ്ഞാസ് 34), മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ പന്തൽ ഉസ്താദ് എന്ന  സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.

അൻവർ ഹുസൈൻ 'ഏർവാടി ഉപ്പുപ്പ' 

പന്തൽ സുലൈമാന്റെ സഹായിയായ അൻവർ ഹുസൈനെ 'ഏർവാടി ഉപ്പുപ്പ' എന്ന നിലയിൽ പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്. കുളത്തൂപ്പുഴയിൽ പന്തൽ മുതലാളിയായി നടന്നിരുന്ന സുലൈമാന് ആത്മീയ വിദ്യാഭ്യാസം പോലും കാര്യമായിട്ടില്ലെന്നാണ് പറയുന്നത്. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമുള്ള തീർത്ഥാടനമായിരുന്നു ഇയാളുടെ പ്രധാന പരിപാടി.

പന്തൽ ഇടപാട് നഷ്ടമായതോടെ സ്ഥാപനം മറ്റൊരാൾക്ക് വിറ്റ ശേഷം പണിക്കാരനായി കൂടുകയായിരുന്നു സുലൈമാൻ. ഇതിനിടെയാണ് നാടുവിട്ടുള്ള മന്ത്രവാദങ്ങളിലേക്ക് ചുവടുമാറ്റിയത്. അല്ലറ^ചില്ലറ തരികിടകളുമായി നടക്കുന്നതിനിടെയാണ് കേസിൽപെട്ടത്.

വേഷഭൂഷാദികളുമായി എത്തുന്ന ഇയാൾ കൈവിരലുകളിൽ ധരിച്ചിരിക്കുന്ന മോതിരം നെറ്റിയിൽ ഇടിപ്പിച്ചാണ് ബാധ ഒഴിപ്പിക്കുന്നത്. അനുസരിക്കാതിരിക്കുന്നവർക്ക് നേരെ ബലപ്രയോഗവും പതിവ്.

ഫാത്തിമയുടെ ബാധ ഒഴിപ്പിക്കുന്നതിനി​ടെ മന്ത്രവാദം ഗൗരവ ഭാവത്തിലേക്ക് നീങ്ങുകയും 'ബാധ' ഏർവാടി ഉമ്മിച്ചയായ ഷാഹിനയിലേക്ക് പ്രവേശിക്കുകയും ചെയ്തുവത്രെ. തുടർന്ന് ഉന്മാദഭാവത്തിലേക്ക് മാറിയ ഷാഹിനയുടെ അക്രമത്തിൽ ഫാത്തിമക്കും മാതാവ് സാജിദക്കും പിടിച്ചുനിൽക്കാനായില്ല. മന്ത്രവാദ ക്രിയ നടന്ന വീട്ടിൽ നിന്നും ഇവർ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി ഓടി നൂറനാട് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

Tags:    
News Summary - Ervadi ummicha and panthal usthad sulaiman behind Witchcraft in Athikattukulangara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.