ന്യൂഡല്‍ഹി: കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എജുക്കേഷനൽ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സംബന്ധിച്ച് സുപ്രീംകോടതി വിശദീകരണം തേടി.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷനൽ ട്രസ്റ്റ് നല്കിയ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനോട് ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം തേടിയത്.
പുതിയ കോളജുകള്‍ക്ക് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്നും എന്നാൽ, ഈ കാലയളവില്‍ പരിശോധനപോലും നടത്താതെ റോയല്‍ എജുക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഹരജിക്കാർ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും സുപ്രീംകോടതിക്കു കൈമാറി. തുടര്‍ന്നാണ് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം സത്യവാങ്മൂലമായി നൽകാൻ കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.