ന്യൂഡല്‍ഹി: എന്‍.ഐ.എ അറസ്റ്റ് ചെയ്ത് മൂന്നു മാസമായി മുംബൈയില്‍ ജയിലിലടച്ചിരിക്കുന്ന കണ്ണൂര്‍ സ്വദേശി ഹനീഫ മൗലവിയുടെ അവസ്ഥ നിരപരാധികളെ യു.എ.പി.എ ചുമത്തി പീഡിപ്പിക്കുന്നതിന്‍െറ ഉദാഹരണമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. പടന്നയില്‍നിന്ന് കാണാതായ കുട്ടികളിലൊരാളുടെ പിതാവ് പരാതി നല്‍കിയെന്നാണ് ഹനീഫ മൗലവിയെ പിടികൂടാന്‍ പറഞ്ഞ കാരണം. പരാതി നല്‍കിയിട്ടില്ളെന്നും എന്‍.ഐ.എ തയാറാക്കിയ കടലാസില്‍ തന്നെക്കൊണ്ട് ഒപ്പുവെപ്പിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനമാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മതേതര പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കണം.
കേരള പൊലീസും എന്‍.ഐ.എയും പക്ഷപാതപരമായാണ് പെരുമാറുന്നത്. കേരളത്തില്‍ ജോലി ചെയ്യുകയും കേന്ദ്രത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് സംശയിക്കേണ്ട കാര്യങ്ങളാണ് കേരള പൊലീസില്‍ ഇപ്പോള്‍ നടക്കുന്നത്. പൊലീസ് നടപടിക്കു പിന്നില്‍ എന്തൊക്കെയോ വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാറും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ഗൗരവത്തിലെടുക്കണം. മുംബൈയില്‍ സാകിര്‍ നായികിനെതിരെയും കേരളത്തില്‍ എം.എം. അക്ബറിനെതിരെയും നടക്കുന്നത് വേട്ടയാണ്. പ്രസംഗത്തിന്‍െറ പേരില്‍ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തുമ്പോള്‍ തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസില്ല. ചിലരെമാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊലീസ് നടത്തുന്നത്.
ചില സ്കൂളുകളുടെ സിലബസുകള്‍ പരിശോധിക്കാന്‍ ജാഗ്രത കാണിച്ച പൊലീസ് പക്ഷേ, ആര്‍.എസ്.എസിന്‍െറ കീഴിലുള്ള വിദ്യാഭാരതി സ്കൂളുകളില്‍ എന്താണ് നടക്കുന്നതെന്ന് പരിശോധിക്കുന്നേയില്ല. യു.എ.പി.എയെ തത്വത്തില്‍ എതിര്‍ക്കുന്നുവെന്ന് പറയുന്നവര്‍ സംസ്ഥാനം ഭരിക്കുമ്പോഴും നിരപരാധികളുടെ പേരില്‍ പൊലീസ് യു.എ.പി.എ ചുമത്തുന്നു. വ്യക്തമായ നീതിനിഷേധം മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ട് മുസ്ലിം ലീഗ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ലീഗുകൂടി പങ്കാളിയായ യു.പി.എ സര്‍ക്കാറാണ് യു.എ.പി.എ കൊണ്ടുവന്നതെങ്കിലും മുസ്ലിം ലീഗ് ഒരിക്കലും കരിനിയമത്തെ അംഗീകരിച്ചിട്ടില്ല. യു.പി.എയുടെ നടപടി തെറ്റായിരുന്നുവെന്ന് പറയാന്‍ മടിയില്ല. യു.ഡി.എഫ് കാലത്ത് യു.എ.പി.എ ചുമത്തിയതും തെറ്റുതന്നെ. അതുകൊണ്ടാണ് ജനം എല്‍.ഡി.എഫിനെ തെരഞ്ഞെടുത്തത്. ആ തെറ്റ് പറഞ്ഞ് വീണ്ടും നിരപരാധികളുടെമേല്‍ യു.എ.പി.എ ചുമത്തുകയല്ല ഇടതു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.