കണ്ണൂർ: ദേശാടനവേളയിൽ ഹിമാലയത്തിെൻറ താഴ്വാരങ്ങളിലും വടക്കേ ഇന്ത്യയിലും കണ്ടുവരുന്ന യൂറേഷ്യൻ കഴുകനെ കേരളത്തിലാദ്യമായി കണ്ണൂരിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ചക്കരക്കല്ല് കണയൂന്നൂരിലാണ് യൂറേഷ്യൻ കഴുകനെ അവശ നിലയിൽ ഡിസംബർ അവസാന വാരം കണ്ടെത്തിയത്. യൂറോപ്യൻ മേഖലയിലും അഫ്ഗാനിസ്താനിലുമാണ് ഇതിനെ സാധാരണ കണ്ടുവരാറ്. അപൂർവ പക്ഷിയെ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ മലബാർ അവയർനസ് റെസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
മാർക്ക് പ്രവർത്തകൻ എം.സി. സന്ദീപ് സ്ഥലത്തെത്തി പക്ഷിയെ ഏറ്റെടുത്തു വനം വകുപ്പിെൻറ അനുമതിയോടെ സംരക്ഷിക്കുകയായിരുന്നു. മാർക്ക് പ്രവർത്തകരുടെ പരിചരണത്തിൽ കഴുകൻ പൂർണ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടറും കഴുക സംരക്ഷണ വിഭാഗം തലവനുമായ ഡോ. വിഭുപ്രകാശും അന്താരാഷ്ട്ര തലത്തിൽ കഴുകനെക്കുറിച്ച് പഠനം നടത്തുകയും സംരക്ഷണ പ്രവർത്തനം നടത്തുകയും ചെയ്യുന്ന സംഘടനയായ ഐ.യു.സി.എൻ വൾച്ചർ സ്പെഷലിസ്റ്റ് ടീം അംഗവും മുതിർന്ന പക്ഷിനിരീക്ഷകനുമായ സി. ശശികുമാറുമാണ് ഇത് യൂറേഷ്യൻ കഴുകനാണെന്ന് സ്ഥിരീകരിച്ചത്.
ഇവരുടെ നിർദേശപ്രകാരം മാർക്ക് സെക്രട്ടറി റോഷ്നാഥ് രമേശ്, ആർ. ശ്രീജിത്ത്, പ്രദീപൻ അലവിൽ എന്നിവരാണ് യൂറേഷ്യൻ കഴുകനെ പരിചരിക്കുന്നതും ഭക്ഷണമുൾെപ്പടെയുള്ളവ നൽകുന്നതും. സംസ്ഥാന വന്യജീവി വകുപ്പ് വടക്കൻ മേഖല ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ കഴിഞ്ഞദിവസം പക്ഷിയെ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാറിെൻറ നിർദേശാനുസരണം പക്ഷിയെ ടാഗ് ചെയ്തിട്ടുണ്ട്.
പൂർണ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കഴുകനെ ഇന്ന് കേരളത്തിലെ ഏക കഴുകൻ ആവാസ മേഖലയായ വയനാട്ടിലെ വന്യജീവി സങ്കേതത്തിൽ വിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.