ഭാരത് ജോഡോ യാത്രയെ വിമർശിക്കുന്നത് യൂറോപ്പ് ജോഡോ യാത്ര നടത്തുന്നവർ -ജയ്റാം ​രമേശ്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെ വിമർശിക്കുന്ന പാർട്ടിക്കാർ യൂറോപ്പ് ജോഡോ യാത്ര നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം ​രമേശ്. യാത്രക്കെതി​രെ സി.പി.എം നടത്തുന്ന വിമർശനങ്ങളെ പരിഹസിച്ചാണ് ജയ്റാം രമേശിന്റെ പരാമർശം. മുഖ്യമന്ത്രിമാരും മന്ത്രിമാരും ​യൂറോപ്പ് സന്ദർശിക്കുന്നതിനെ കൂടി ഉന്നമിട്ടാണ് പ്രസ്താവന.

ഭാരത് ജോഡോ യാത്ര ഇപ്പോൾ ബി.ജെ.പിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്തു കൂടിയാണ് കടന്നുപോകുന്നതെന്നും ജയ്റാം പറഞ്ഞു. യാത്രക്ക് ഏറ്റവും എളുപ്പമുള്ള വഴിയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസം കേന്ദ്രീകരിക്കുകയാണെന്നും ഉത്തർപ്രദേശിൽ ദിവസങ്ങൾ കുറവാണെന്നും വിമർശിക്കുന്ന സി.പി.എം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേയെന്ന്​ ജയ്റാം രമേശ് ചോദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്​. ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്​. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ടാണ് 370 കിലോമീറ്റർ പിന്നിടാനായി 18 ദിവസങ്ങളെടുക്കുന്നത്​. കർണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയിൽ 16 ദിവസവും യു.പിയിൽ അഞ്ചു ദിവസവുമാണ് യാത്ര. ഇതെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

യാത്രക്ക്​ ജനങ്ങളുടെ ഭാഗത്തുനിന്നു ലഭിക്കുന്ന വലിയ സ്വീകരണം തമിഴ്നാട്ടിൽ ബി.ജെ.പിയെയും കേരളത്തിൽ സി.പി.എമ്മിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ 'മൃതസഞ്ജീവനി'യാണ് ഈ യാത്ര, അല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല ഈ യാത്ര നടത്തുന്നത്. വർഗീയ ധ്രുവീകരണം വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോൺഗ്രസിനെ ശക്തിപ്പെടുത്താനുമാണ് യാത്രയെന്നും ജയ്റാം രമേശ്​ പറഞ്ഞു.

Tags:    
News Summary - Europe Jodo Yatra team criticizes Bharat Jodo Yatra - Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.