കൊച്ചി: പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയാലും സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. ഇതര മതസ്ഥയായ യുവതിയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതികളായ മുഹമ്മദ് നാസർ അടക്കം 10 കാസർകോട് സ്വദേശികൾ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ നിരീക്ഷണം.
പ്രശ്നം ഒത്തുതീർപ്പായെന്നും കാസർകോട് അസിസ്റ്റന്റ് സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. 2017 ജൂലൈ 23ന് യുവതിയുമായി കാറിൽ സഞ്ചരിച്ച കണ്ണൂർ സ്വദേശിയെ തടഞ്ഞുനിർത്തി പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്.
കേസ് റദ്ദാക്കാനുള്ള പ്രതികളുടെ ആവശ്യത്തെ സർക്കാർ അഭിഭാഷകൻ എതിർത്തു.
പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും വിചാരണ നടപടി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. കേസ് റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.