തിരുവനന്തപുരം: സ്റ്റോപ്പില്ലെങ്കിലും സീറ്റൊഴിവുണ്ടെങ്കില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇനി കൈ കാണിച്ചാൽ ഏത് സമയത്തും നിര്‍ത്തും. ഒഴിഞ്ഞ സീറ്റുകളുമായി സൂപ്പർ ക്ലാസ് ബസുകള്‍ യാത്ര ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്കി. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളില്‍ മാത്രമായിരുന്നു സൂപ്പർ ക്ലാസ് ബസുകള്‍ നിര്‍ത്തിയിരുന്നത്.
സ്റ്റോപ്പുകളിലല്ലാതെ ബസുകള്‍ നിര്‍ത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്.ടി.സി പുതിയ പരിഷ്കരണത്തിന് മുതിരുന്നത്. വഴിയിൽ കൈകാണിക്കുന്ന യാത്രക്കാരന് അന്നദാതാവാണെന്ന കാര്യം ഓര്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ സി.എം.ഡി പ്രമോജ് ശങ്കര്‍ ഓര്‍മിപ്പിക്കുന്നു. സ്റ്റേഷനുകളില്‍നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോള്‍ ആരെങ്കിലും കൈകാണിച്ചാല്‍ നിര്‍ത്തിക്കൊടുക്കണം. സ്ത്രീയാത്രികര്‍ക്ക് രാത്രി ബസുകളില്‍ നല്കുന്ന സ്റ്റോപ് ഇളവ് തുടരും. ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ നിലവിലെ ബ്രീത്ത് അനലൈസര്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. ഇപ്പോള്‍ സംശയമുള്ളവരെ മാത്രമാണ് സ്ക്വാഡ് പരിശോധിക്കുന്നത്. പകരം സ്ത്രീകള്‍ ഒഴികെയുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാരെ ഡ്യൂട്ടി തുടങ്ങുംമുമ്പ് പരിശോധിക്കും.
യാത്രാവേളയില്‍ ഭക്ഷണം കഴിക്കാൻ ദീര്‍ഘദൂര ബസുകൾ നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക മുന്‍കൂര്‍ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.