തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി കോൺഗ്രസ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിപക്ഷ പാർടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് ഇന്നു കാണുന്നത്. ജാഥ നടത്തിയതുകൊണ്ടു മാത്രം തകർച്ചയുടെ നെല്ലിപ്പടിയിലായ കോൺഗ്രസിന് രക്ഷപ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമായി പറയുന്നത്. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽനിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നാണ് ചോദ്യം.
ആറ് ദശാബ്ദം രാജ്യം ഭരിച്ച കോൺഗ്രസ് പാർടിയുടെ നിഴൽരൂപം മാത്രമാണ് ഇന്നത്തെ പാർട്ടി. 2018ൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിൽ ജയിച്ചതിനുശേഷം ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചിട്ടില്ല.
മുങ്ങുന്ന കപ്പലിൽനിന്ന് രക്ഷപ്പെടുകയാണ് നേതാക്കൾ. ഗുലാംനബി ആസാദിൽ എത്തിനിൽക്കുന്നു ഈ കൊഴിഞ്ഞുപോക്ക്. തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിന്റെ പാതയിലാണ് ഇന്ന് കോൺഗ്രസ്. യാത്ര തുടങ്ങി കൊല്ലത്ത് എത്തുമ്പോഴേക്കും ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
ബി.ജെ.പി എന്ന ആർ.എസ്.എസിനാൽ നിയന്ത്രിക്കപ്പെടുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയിൽ നിന്നുകൊണ്ട് എതിർക്കാൻ കോൺഗ്രസ് തയ്യാറാകാത്തതു തന്നെയാണ് ആ പാർട്ടിയിൽ ജനം വിശ്വാസമർപ്പിക്കാത്തതിന് പ്രധാന കാരണം. പ്രവർത്തകസമിതി അംഗങ്ങൾ ഉൾപ്പെടെ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിന് ഒരുമടിയും കാണിക്കുന്നില്ല. നാണംകെട്ട ഈ കൂറുമാറ്റത്തിനുള്ള ആശയാടിത്തറ രാഹുൽ ഗാന്ധിയും കൂട്ടരും ഒരുക്കുന്നുവെന്നതാണ് വസ്തുത. തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും കോൺഗ്രസ് പഠിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.