ഫാസിസം ഉറഞ്ഞുതുള്ളുമ്പോഴും മഅ്ദനിയുടെ പച്ചമാംസമാണ് ലീഗിന് പഥ്യം -പി.ഡി.പി

പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബുവിന്റെ നടപടി മുസ്‌ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി. രോഗിയായ പിതാവിനെ പോലും കാണാൻ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാൽ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും വാർത്താകുറിപ്പിൽ അദ്ദേഹം വിമർശിച്ചു.

പൊതു തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഅ്ദനിയെ സന്ദർശിച്ച് പി.ഡി.പി പിന്തുണ തേടുന്ന ലീഗ് നേതൃത്വം അക്കാര്യങ്ങൾ കവല പ്രസംഗകർക്ക് പറഞ്ഞു കൊടുക്കണമെന്നും മൂന്ന് പതിറ്റാണ്ട് മുൻപ് മഅ്ദനി മുന്നറിയിപ്പു നൽകിയതുപോലെ, ഫാഷിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞു തുള്ളുമ്പോൾ പോലും മഅ്ദനിയുടേയും കുടുംബത്തിന്റെയും ചോരയും പച്ച മാംസവുമാണ് ലീഗിന് പഥ്യമെന്നത് പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുൽ നാസർ മഅ്ദനിയേയും കുടുംബത്തേയും കുറിച്ച് അപവാദ പ്രചരണം തുടരാനാണ് ഭാവമെങ്കിൽ അവരെ തെരുവിൽ നേരിടാൻ പി.ഡി.പി നിർബന്ധിതരാകുമെന്നും നൗഷാദ് മുന്നറിയിപ്പു നൽകി.

മഅ്ദനി കാൽ നൂറ്റാണ്ടോളമായി തടവിൽ കഴിയുന്നത് ഫാഷിസത്തോട് സന്ധി ചെയ്യാൻ തയ്യാറല്ലാത്തതിനാലാണെന്നും കോയമ്പത്തൂർ ജയിലിൽ ഒൻപതര വർഷത്തിലധികം മഅ്ദനി കിടന്നപ്പോഴും അദ്ദേഹം നിരപരാധിയാണെന്ന് ഭരണകൂടങ്ങൾക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ബംഗളൂരു സ്‌ഫോടന കേസിലും മഅദനി നിരപരാധിയാണെന്ന് ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് വിചാരണ പരമാവധി വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാഷിസത്തിനെതിരെ ശബ്ദിക്കില്ലെന്ന ഉറപ്പു നൽകിയാൽ അദ്ദേഹത്തിന് പുറത്ത് വരാനാകുമെന്നും എന്നാൽ മരണം വരെ അതുണ്ടാകില്ലെന്നും നൗഷാദ് തിക്കോടി വ്യക്തമാക്കി. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയേയും കുടുംബത്തേയും രൂക്ഷമായി അധിക്ഷേപിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബു രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് നൗഷാദ് തിക്കോടി രംഗത്തെത്തിയത്. 'ബംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്‍റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി' -ഫൈസല്‍ ബാബു പറഞ്ഞു. മലപ്പുറം ചെമ്മാട് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം. സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോക്ക് നിന്നുകൊടുത്തുവെന്നും, തന്‍റെ ഭര്‍ത്താവിന്‍റെ ദുര്യോഗത്തെ ലീഗിനെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നും ഫൈസല്‍ ബാബു പ്രസംഗത്തില്‍ ആരോപിച്ചു.

Tags:    
News Summary - Even when fascism is on the rise, Mahdani is the raw meat of the Muslim League - PDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.