കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്ച റെയിൽേവ പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ യുവതി ട്രെയിനിൽ കയറിയ മുളന്തുരുത്തി മുതൽ പ്രാണരക്ഷാർഥം താഴേക്ക് ചാടിയ കാഞ്ഞിരമറ്റം ഒലിപ്പുറം വരെയുള്ള ഭാഗങ്ങളിൽ തിങ്കളാഴ്ചതന്നെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. തുടർന്ന് ഇയാൾ ഒളിവിൽ താമസിച്ച സ്ഥലങ്ങൾ, യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച സ്ക്രൂഡ്രൈവർ വലിച്ചെറിഞ്ഞ മാവേലിക്കരയിലെ പ്രദേശം എന്നിവിടങ്ങളിലുമെത്തിക്കും.
തിരുവനന്തപുരത്ത് എത്തിച്ച് അക്രമം നടന്ന ട്രെയിനിലെ കമ്പാർട്ട്മെൻറിൽ മാത്രമാണ് നിലവിൽ തെളിവെടുപ്പ് നടത്തിയത്. തുടർന്ന് എറണാകുളത്തേക്കുള്ള യാത്രമധ്യേ ഇയാൾക്ക് അപസ്മാരമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതോടെ ബാക്കി തെളിവെടുപ്പ് നടന്നില്ല.
ഞായറാഴ്ച കേസിൽ ഒരാളുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത വർക്കല അയിരൂർ ശ്രീനിലയത്തിൽ അച്ചു ശ്രീകുമാറാണ് (20) അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. അഞ്ചുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
പണയസ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്ന ചെമ്മരുതിയിലെ സ്ഥാപനത്തിലും മറ്റൊരാളുടെ വീട്ടിലുമാണ് പ്രതികൾ മോഷണമുതൽ വിറ്റത്. കഴിഞ്ഞദിവസം കേസിൽ അറസ്റ്റിലായ വർക്കല സ്വദേശികളായ മുത്തുവിനെയും പ്രദീപിനെയും ഈ സ്ഥാപനത്തിലേക്കും വീട്ടിലേക്കും ബൈക്കിൽ എത്തിച്ചത് അച്ചുവാണ്. മുത്തുവും അച്ചുവും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. അച്ചുവിെൻറ പേരിൽ പോക്സോ, അടിപിടി, കഞ്ചാവ് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.