ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വികാസ് നഗർ മണ്ഡലത്തിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കാൻ ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവിട്ടു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്നു ചൂണ്ടിക്കാട്ടി വികാസ് നഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നവ് പ്രഭാത് നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. തുടർന്ന് ദേശീയ–സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ, വികാസ്നഗർ എം.എൽ,എ മുന്നാ സിങ് ചൗഹാൻ എന്നിവർക്ക് ആറാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടിസയച്ചു.പരിശോധനാ ഫലം പുറത്തുവരുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.
ഫെബ്രുവരി 15 നു നടന്ന തെരഞ്ഞെടുപ്പിൽ 6000 വോട്ടുകൾക്കാണ് നവ് പ്രഭാത് ബി.ജെ.പി സ്ഥാനാർഥിയോടു പരാജയപ്പെട്ടത്. ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 11,000 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 139 വോട്ടിങ് യന്ത്രങ്ങളാണ് വികാസ് നഗർ മണ്ഡലത്തിൽ ഉപയോഗിച്ചത്.
ബി.ജെ.പി വൻ വിജയം നേടിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നെന്ന ആക്ഷേപം വിവിധ പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നതിനിടെയാണ് കോടതി വിധി.നേരത്തേ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വൻ വിജയം സമ്മാനിച്ചത് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ബി.എസ്.പി- എ.എ.പി പാർട്ടികൾ വിഷയത്തിൽ ശക്തമായ പ്രതികരണങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.