കോട്ടയം: ‘തോന്നുംപോലെ’ ബാറുകൾ നടത്താൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി വാങ്ങുന്നതായി എക്സൈസ് വകുപ്പ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഇത്തരക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി എക്സൈസ് കമീഷണർ സർക്കുലർ പുറത്തിറക്കി. ബാറുകളിൽ കർശന പരിശോധന നടത്തണമെന്ന നിർദേശമുണ്ടെങ്കിലും അതെല്ലാം കാറ്റിൽപറത്തുന്നത് ഈ മാസപ്പടിയാണെന്ന് വ്യക്തമാകുകയാണ്.
സംസ്ഥാനത്ത് ബാറുകൾ നിശ്ചിത സമയപരിധിക്കുള്ളിലേ പ്രവർത്തിക്കാവൂയെന്ന് കർശന നിർദേശമുണ്ട്. എന്നാൽ, സമയപരിധി ലംഘിച്ച് ബാറുകള്‍ പ്രവർത്തിക്കാനും ലൈസൻസ് നിയമലംഘനങ്ങള്‍ക്ക് കണ്ണടക്കാനും പണവും പാരിതോഷികവും ചില ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്ന റിപ്പോർട്ടാണ് വകുപ്പിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഇനി ഇത്തരത്തിലുള്ള പരാതിയുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉള്‍പ്പെടെ കർശന നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കമീഷണർ മഹിപാൽ യാദവ് സർക്കുലർ പുറത്തിറക്കിയത്.
എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകളിൽനിന്നും മാസപ്പടി പറ്റുന്നെന്നും ചില ബാറുകളോട് വിവേചനപരമായി പെരുമാറുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ചത് ബാറുടമകൾ തന്നെയാണെന്നതും ശ്രദ്ധേയം. തൃശൂർ ഇരിങ്ങാലക്കുടയിലെ ബാറുകളിൽനിന്നും ഉദ്യോഗസ്ഥര്‍ മാസപ്പടി കൈപ്പറ്റിയെന്നായിരുന്നു ബാറുടമകളുടെ പ്രധാന പരാതി. ഈ പരാതി അന്വേഷിക്കാൻ എക്സൈസ് കമീഷണര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിലാണ് ആരോപണങ്ങൾ പലതും ശരിയാണെന്ന് വ്യക്തമായത്. തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ അനഭിലഷണീയ പ്രവണതകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സർക്കുലറിൽ കമീഷണർ മഹിപാൽ യാദവ് സമ്മതിക്കുന്നുമുണ്ട്. മാസപ്പടിക്ക് പഴുതുള്ള എട്ട് കാര്യങ്ങളും സര്‍ക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ഇത് തെറ്റിച്ചാൽ ബാർ ലൈസൻസ് റദ്ദാക്കാമെന്നിരിക്കെ ഇത് ലംഘിക്കുന്നവരെ രക്ഷിക്കാൻ പണവും പാരിതോഷികവും വാങ്ങുന്നെന്നാണ് പ്രധാന കണ്ടെത്തൽ. സെക്കന്‍ഡ്സ് മദ്യവിൽപന തടയാൻ മിന്നൽ പരിശോധന നടത്തി കൗണ്ടറുകളിൽനിന്ന് മദ്യമെടുത്ത് പരിശോധനക്ക് അയക്കണം എന്നുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. ബാറുടമകൾ നൽകുന്ന സാമ്പിളാണ് പരിശോധനക്ക് അയക്കുന്നത്.
മദ്യവിൽപന രജിസ്റ്ററുകള്‍ പരിശോധിക്കാതിരിക്കാനും ഡ്രൈഡേയിലെ പിൻവാതിൽ വിൽപന കണ്ടില്ലെന്ന് നടിക്കാനും മാസപ്പടി നൽകുന്നെന്നാണ് വിലയിരുത്തൽ. അനുമതിയില്ലാതെ പല ബാറുകളിലും നിശാപാർട്ടിയും ഡി.ജെയും സംഘടിപ്പിക്കുന്നു. ഇതിനെല്ലാം എക്സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ.
ബാറുകളിൽ താൽക്കാലിക കൗണ്ടറിന് പണമടച്ച് അനുമതിയെടുത്തശേഷം നിരവധി കൗണ്ടറുകൾ സ്ഥാപിച്ച് മദ്യം പ്രദർശിപ്പിച്ച് ബില്ലടിച്ച് നൽകുന്നതായും കണ്ടെത്തി. കള്ളുഷാപ്പുകളിൽ പരിശോധന നടത്താതിരിക്കാൻ എക്സൈസ് ജീവനക്കാരിൽ പലർക്കും മാസപ്പടി നൽകുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.