തിരുവനന്തപുരം: മലബാർ കലാപത്തിൽ പങ്കാളികളായ 387 പേരുടെ വിവരങ്ങൾ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ ഇന്ത്യൻ ചരിത്ര കൗൺസിൽ (ICHR) എടുത്ത തീരുമാനത്തിൽ കേരള ഹിസ്റ്ററി കോൺഗ്രസ് ഉത്‌കണ്‌ഠയും പ്രതിഷേധവും രേഖപ്പെടുത്തി. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ഹിന്ദുക്കളുടെ ഊർജ്ജം നഷ്ടപ്പെടുത്തരുതെന്നാണ് ഹിന്ദുത്വയുടെ ആചാര്യനായ സവർക്കർ ആഹ്വാനം ചെയ്തിരുന്നത്. അഭ്യന്തര ശത്രുക്കളായ മുസ്ലിംകൾക്കും കൃസ്ത്യാനികൾക്കുമെതിരെ പോരാടാൻ ഊർജം ചെലവഴിക്കണമെന്ന് പ്രഖ്യാപിച്ച സവർക്കറുടെ അനുയായികൾക്ക് മലബാർ കലാപത്തോടും അതിന്‍റെ നേതൃത്വത്തോടുമുള്ള സമീപനം മറ്റൊന്നാവില്ലെന്നും ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്‍റ് പ്രഫ. രാജൻ ഗുരുക്കൾ, ജന. സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ ആരോപിച്ചു.
കൊളോണിയൽ ഭരണത്തിന് കീഴിൽ പൊറുതിമുട്ടിയ സമൂഹങ്ങൾ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്കകത്ത് നിന്ന് വിഭിന്ന രൂപങ്ങളിൽ സമരം നടത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയും മൗലാനാ ഷൗഖത്തലിയുമടക്കമുള്ള ദേശീയ നേതാക്കളുടെ പ്രേരണയിൽ നിസ്സഹകരണ സമര രംഗത്ത് സജീവമായ മലബാറിലെ മാപ്പിള കർഷകർ നടത്തിയ ശക്തമായ സമരം നമ്മുടെ നാടിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ ഭാഗമായിരുന്നുവെന്ന് മലബാർ സമരങ്ങളെക്കുറിച്ച പഠിച്ചവരൊക്കെയും കണ്ടെത്തിയതാണ്.
ബ്രിട്ടീഷ് മർദ്ദനത്തിന്‍റെ കാഠിന്യം വർധിക്കുകയും നേതൃത്വത്തെ മുഴുവൻ തുറുങ്കിലടക്കുകയും ചെയ്ത സമയത്ത് നടന്ന ചില അപഭ്രംശങ്ങളുടെ പേരിൽ ഒരു ചരിത്ര സംഭവത്തെ മുഴുവൻ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ഇത്തരം അപഭ്രംശങ്ങളെ തടയാനും കലാപ പ്രദേശങ്ങളിൽ നീതിയും സമാധാനവും നടപ്പിലാക്കുവാനും ശ്രമിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് സ്വാതന്ത്ര്യ സമരത്തിന്‍റെ തന്നെ സത്ത ചോർത്തുന്നതാണ്. വാരിയൻ കുന്നത്ത് ഹിന്ദു പത്രത്തിനയച്ച കുറിപ്പ് ഇത് സുവ്യക്തമാക്കുന്നുണ്ട്. ആറു മാസക്കാലം മലബാറിൽ ബ്രിട്ടീഷ് ഭരണം അസാധ്യമാക്കിയ ഈ സമര പോരാളികളെ മാറ്റിനിർത്തുന്ന സ്വാതന്ത്ര്യ സമര ചരിത്രം അപൂർണവുമാണ്.
വാഗൺ കൂട്ടക്കൊലയിൽ രക്തസാക്ഷികളായ 70 പേരെയും നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തതായിട്ടാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവർക്ക് സ്വതന്ത്ര്യസമര ചരിത്രത്തിൽ ഇടമുണ്ടാവരുതെന്ന് നിശ്ചയിച്ച് വാഗൺ ട്രാജഡി സ്മരണകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് മായ്ച്ച കുത്സിത മനസ്സുകൾ കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കങ്ങൾ.
ചരിത്രവസ്തുതകളെ തമസ്കരിച്ചും അക്കാദമിക പണ്ഡിതൻമാരുടെ കണ്ടെത്തലുകളെ മറച്ചുവെച്ചും ഇന്ത്യൻ ചരിത്ര കൗൺസിൽ നടത്തുന്ന ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാവണമെന്നും കേരള ചരിത്രകോൺഗ്രസ് ഭാരവാഹികൾ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.