തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒ.പി നിരക്കുകൾ ഏകീകരിക്കണമെന്ന് പഠന സമിതി ശിപാർശ. തുക എത്രയെന്ന് നിർദേശിച്ചിട്ടില്ല. ഏറ്റവും ചുരുങ്ങിയ നിരക്ക് നിശ്ചയിക്കണമെന്ന നിർദേശത്തോടെയാണ് ഫീസ് നിർണയ തീരുമാനം സർക്കാറിന് വിട്ടത്.
നിരക്ക് ഏകീകരിക്കലാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ വർധനയുണ്ടാകുമോയെന്നത് സർക്കാർ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ആശുപത്രികളിലെ വ്യത്യസ്ത നിരക്ക് ഏകീകരിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിയുടേതാണ് ശിപാർശ. ആശുപത്രികളിൽ വരിനിൽക്കാതെ ഇ-ഹെൽത്ത് വഴിയുള്ള ഓൺലൈൻ ടോക്കൺ സംവിധാനം കൂടുതൽ വ്യാപകമാക്കണമെന്നതാണ് മറ്റൊരു നിർദേശം.
മെഡിക്കൽ കോളജുകളിലെ ഒ.പി ചികിത്സക്ക് റഫറിങ് ലെറ്റർ നിർബന്ധമാണ്. എന്നാൽ, റഫർ ചെയ്തുള്ള കുറിപ്പ് അപ്ലോഡ് ചെയ്യുന്നതിന് സംവിധാനമില്ല. ഈ സാഹചര്യത്തിൽ റഫറിങ് ലെറ്റർ ഇല്ലെങ്കിലും ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ റഫറിങ് ഓപ്ഷനിൽ ‘ഉണ്ട്’ എന്ന് മാത്രം നൽകിയാലും നിലവിൽ ഒ.പി ബുക്ക് ചെയ്യാം.
ഇതൊഴിവാക്കുന്നതിന് ഓൺലൈനിൽ ബുക്ക് ചെയ്താലും ഒ.പി ടിക്കറ്റ് എടുക്കുന്നതിന് കൗണ്ടറിലെത്തുമ്പോൾ റഫറിങ് ലെറ്റർ ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമായി ഏർപ്പെടുത്താനും നിർദേശമുണ്ട്.
റിവ്യൂവിന് നിർദേശിക്കുന്ന പക്ഷം ഡോക്ടർക്കുതന്നെ ഓൺലൈനായി തീയതി ബുക്ക് ചെയ്ത് നൽകാൻ കഴിയുന്ന സംവിധാനമേർപ്പെടുത്തും. ഫാർമസി സ്റ്റോക്ക് ഇ-ഹെൽത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടി വേണമെന്നതാണ് മറ്റൊരു ശിപാർശ. ഇതോടെ, സ്റ്റോക്കുള്ള മരുന്ന് മനസ്സിലാക്കി ഡോക്ടർമാർക്ക് കുറിപ്പടി നൽകാനാകും. സമീപകാലത്ത് ആരോഗ്യവകുപ്പ് ഏറെ പഴികേൾക്കേണ്ടിവന്നത് കുറിപ്പടിയിലെ മരുന്ന് ആശുപത്രിയിലില്ലെന്നത് സംബന്ധിച്ചാണ്.
ആശുപത്രികളിൽ വരിനിൽക്കാതെ ഇ-ഹെൽത്ത് വഴി വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മുതൽ റഫറൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും സമയ സ്ലോട്ടുകൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്നതുമടക്കം നിരവധി പോരായ്മകൾ നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണൽ കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നാലംഗ പഠന സമിതിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.