തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാമെന്നും മരണനിരക്ക് കുറക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം. കൂടുതൽ മേഖലകൾ തുറക്കാം. വാക്സിൻ വിതരണത്തിന് വേഗം കൂട്ടണമെന്നും നിർദേശമുയർന്നു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾക്കുമായി ഓൺലൈനായാണ് ഉന്നതതല യോഗം ചേർന്നത്.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വാക്സിനേഷൻ മികച്ച രീതിയിൽ പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനതോത് നിയന്ത്രിതമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിെൻറ സൂചനയാണ്. അതിനാൽ കേരളത്തിെൻറ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചർച്ചയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിെവപ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചർച്ച ചെയ്തു. ഇന്ത്യയിൽ ഏറ്റവും നന്നായി കോവിഡ് േഡറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണ്. കോവിഡ് മഹാമാരിയുടെ ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധമാർഗങ്ങൾ ഫലപ്രദമാണെന്നും യോഗം വിലയിരുത്തി.
എല്ലാ മെഡിക്കല്‍ കോളജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ധർ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഡോ. ബി. ഇക്ബാൽ ചർച്ച നിയന്ത്രിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരും യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.