തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് അതിവേഗം സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് വിദ്യാർഥി സേവനാവകാശ നിയമം കൊണ്ടുവരുന്നു. സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയാകും സേവനാവകാശ നിയമം നടപ്പാക്കുക.
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പ് സുഗമമാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇതിനുള്ള കരട് നിയമം തയാറാക്കിവരുന്നത്. സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് നിയമം തയാറാക്കുക.
വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചാണ് നിയമം. സേവനം ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ പിഴയുൾപ്പെടെ നടപടികൾക്കും വ്യവസ്ഥയുണ്ടാകും. നിലവിൽ മാസങ്ങൾ കഴിഞ്ഞാണ് സർവകലാശാലകളിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റുകളുൾപ്പെടെ ലഭിക്കുന്നത്.
പരിഷ്കരണത്തിനായി സർവകലാശാല നിയമങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ അടങ്ങിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ഇതിനനുസൃതമായി ചട്ടങ്ങളിലും (സ്റ്റാറ്റ്യൂട്ട്) റെഗുലേഷനുകളിലും വരുത്തേണ്ട ഭേദഗതികൾ ബന്ധപ്പെട്ട സർവകലാശാലകൾ പാസാക്കും. വിദ്യാർഥികളുടെ അന്തർസർവകലാശാല മാറ്റത്തിനുള്ള വ്യവസ്ഥകൾ കൂടുതൽ വഴക്കമുള്ളതാക്കും. നേരത്തേ തുല്യതയുള്ള കോഴ്സുകളിൽനിന്ന് മാത്രമേ വിദ്യാർഥികൾക്ക് സർവകലാശാല മാറ്റം അനുവദിച്ചിരുന്നുള്ളൂ. പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ സർവകലാശാല മാറ്റം അനുവദിക്കാവുന്ന രീതിയാണ് നടപ്പാക്കുക. ഒരു സർവകലാശാലയിൽ കോഴ്സിന്റെ ഭാഗമായി പൂർത്തിയാക്കിയ ക്രെഡിറ്റുകൾ മറ്റൊരു സർവകലാശാലയിൽ തുടർപഠനത്തിനായി ട്രാൻസ്ഫർ ചെയ്യാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി ആവശ്യാർഥം പി.എസ്.സി ഉൾപ്പെടെ സ്ഥാപനങ്ങളിൽ കോഴ്സുകൾക്ക് തുല്യത നൽകുന്നതിനായി സ്പെഷൽ റൂളുകളിൽ ഭേദഗതി കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് സർക്കാറിന് സമർപ്പിച്ച ഡോ. ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ടിലും എൻ.കെ. ജയകുമാർ കമീഷൻ റിപ്പോർട്ടിലും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഉറപ്പാക്കാൻ നിയമഭേദഗതി ശിപാർശ ചെയ്തിരുന്നു. ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്ന അധ്യാപകരെ ഓഡിറ്റിന്റെ പേരിൽ കുരുക്കിലാക്കുന്നത് അവസാനിപ്പിക്കാനുള്ള മാറ്റങ്ങളും കൊണ്ടുവരും. ഗവേഷണ പദ്ധതിക്ക് ഫണ്ട് നൽകുന്ന ഏജൻസി നിർദേശിക്കുന്ന ഓഡിറ്റിങ് മാത്രമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.