പാലക്കാട്: മലയാളികൾ ഏറെയുള്ള മെട്രോനഗരങ്ങളിൽ നിന്നുള്ള ഓണത്തിരക്ക് ഒഴിവാക്കാൻ സർവിസ് ദീർഘിപ്പിച്ച സ്പെഷൽ ട്രെയിനുകൾ റെയിൽവേ ഒഴിവാക്കി. ബംഗളൂരു-എറണാകുളം വന്ദേഭാരത്, കൊച്ചുവേളി-ചെന്നൈ പ്രതിവാര ട്രെയിൻ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവിസ് അവസാനിപ്പിച്ചത്. ഓണത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി കൊച്ചുവേളി-ചെന്നൈ പ്രതിവാര ട്രെയിൻ സെപ്റ്റംബർ 25 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചിരുന്നു.
എന്നാൽ, ഈ ട്രെയിൻ ഒഴിവാക്കിയെന്ന് കാണിച്ച് കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കി. ജൂലൈ 31 മുതല്‍ ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷൽ ആഗസ്റ്റ് 26ന് സർവിസ് അവസാനിപ്പിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സർവിസ് നടത്തിയിരുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവിസ് നീട്ടുമെന്നാണ് റെയിൽവേ തുടക്കത്തിൽ അറിയിച്ചത്. എന്നാൽ, മികച്ച വരുമാനം ലഭിച്ചിട്ടും സർവിസ് നിർത്തി. എട്ടു മാസമായി ഓടുന്ന മംഗളൂരു-ഗോവ വന്ദേഭാരതിൽ ആകെ 31 ശതമാനമാണ് ബുക്കിങ്. അതേസമയം, എറണാകുളം- ബംഗളൂരു സർവിസിൽ 105 ശതമാനവും ബംഗളൂരു-എറണാകുളം സർവിസിൽ 88 ശതമാനവുമാണ് യാത്രക്കാരുടെ എണ്ണം.
സർവിസ് തുടരാൻ തീരുമാനിച്ചില്ലെങ്കിൽ ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് യാത്രാക്ലേശം രൂക്ഷമാകും. കൂടുതൽ പേർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സമയം പുനഃക്രമീകരിക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചെങ്കിലും സർവിസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.
ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 17 വരെ കൊച്ചുവേളി-ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നു ദിവസം 16 കോച്ചുള്ള സ്പെഷൽ ട്രെയിൻ അനുവദിച്ചെങ്കിലും ജനറൽ കോച്ചില്ല. മുഴുവൻ കോച്ചുകളും മൂന്നാം ക്ലാസ് എ.സിയാണ്. നിലവിലുള്ള നിരക്കിന്റെ 1.3 ശതമാനം അധികം തുകയാണ് സ്പെഷൽ ട്രെയിനിൽ ഈടാക്കുന്നത്. അധികതുക നൽകി തത്ക്കാലും പ്രമീയം തത്ക്കാലുമെടുത്ത് നാട്ടിലെത്തേണ്ട അവസ്ഥയിലാണ് മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.